തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാല് പേര്‍ മുങ്ങി മരിച്ചു. ആര്യനാട് മൂന്നാറ്റുമുക്കില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറായി സേവനമനുഷ്‌ഠിക്കുന്ന അനില്‍കുമാര്‍(50), മകന്‍ അമല്‍(13), അനില്‍കുമാറിൻ്റെ സഹോദരൻ്റെ മകനായ അദ്വൈത്(22) സഹോദരിയുടെ മകന്‍ ആനന്ദ് (25) എന്നിവരാണ് മുങ്ങി മരിച്ചത്.
സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ അനില്‍കുമാറിൻ്റെ വീട്ടിലെത്തിയതായിരുന്നു സഹോദരങ്ങളുടെ മക്കളായ അദ്വൈതും ആനന്ദും. കരമനയാറിന് സമീപമുള്ള സ്ഥലത്ത് വളമിടാനെത്തിയതായിരുന്നു അനിലും കുടുംബാംഗങ്ങളും. ജോലിക്ക് ശേഷം കരമനയാറ്റിലെ കടവില്‍ കുളിക്കാനിറങ്ങി. ഇതിനിടെ അനിലിൻ്റെ മകന്‍ അമല്‍ ആറ്റിലെ ചുഴിയില്‍പ്പെടുകയും മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയുമായിരുന്നുവെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.
ഇവരോടൊപ്പം കുളിക്കാനിറങ്ങിയ ബന്ധുക്കളായ അനന്തരാമന്‍, അഖില്‍ എന്നീ കുട്ടികളാണ് അപകട വിവരം ഫോണില്‍ വീട്ടിലറിയിക്കുന്നത്. കരമനയാറ്റില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍ നിന്നും ആളെത്തുമ്പോഴേക്കും ആറ്റിലിറങ്ങിയവരെല്ലാം മുങ്ങി മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പോസ്റ്റമാര്‍ട്ടത്തിന് ശേഷം ഇന്ന് (ഓഗസ്‌റ്റ് 05) ബന്ധുകള്‍ക്ക് വിട്ടു നൽകും.
Also Read: കോട്ടയത്ത് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു: അപകടം സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെ