തിരുവനന്തപുരം : ആദ്യ മലയാളി വനിത ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. വൈകിട്ട് 4 മണിക്ക് ബിജെപി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. തിരുനവന്തപുരം, ഈശ്വര വിലാസം റോഡിലെ വീട്ടിലെത്തി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. ടിപി സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ക്ക് ശേഷം ബിജെപിയില്‍ ചേരുന്ന മൂന്നാമത്തെ മുന്‍ ഡിജിപിയാണ് ശ്രീലേഖ.
അംഗത്വം സ്വീകരിച്ചത് മുപ്പത്തി മൂന്നര വർഷത്തെ നിഷ്‌പക്ഷതയ്ക്ക് ശേഷമെന്ന് പ്രതികരണം : മൂന്നാഴ്‌ച ത്തെ ആലോചനയ്ക്ക് ശേഷമാണ് പാർട്ടി പ്രവേശം തീരുമാനിച്ചതെന്ന് അംഗത്വം സ്വീകരിച്ച ശേഷം ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. മുപ്പത്തി മൂന്നര വർഷത്തെ സർവീസ് കാലത്ത് താൻ നിഷ്‌പക്ഷയായിരുന്നു. നരേന്ദ്ര മോദി പ്രഭാവമാണോ ബിജെപി പ്രവേശത്തിന് കാരണമെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു മറുപടി.
വിരമിച്ചതിന് ശേഷമാണ് പല കാര്യങ്ങളും മാറി നിന്നു കാണാൻ തുടങ്ങിയത്. അപ്പോഴാണ് ഇടപെടാൻ തീരുമാനിച്ചതും. തത്കാലം അംഗത്വം മാത്രമാണ് സ്വീകരിച്ചത്. മറ്റ് കാര്യങ്ങൾ പിന്നീട്. അതേ സമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിൽ തന്‍റെ ബിജെപി പ്രവേശം നൽകുന്ന നല്ല സന്ദേശം തന്നെ പൊതു പ്രവർത്തനമാണെന്നായിരുന്നു ശ്രീലേഖയുടെ മറുപടി.
സ്വാഗതം ചെയ്‌ത് കെ സുരേന്ദ്രന്‍ : പൊലീസിൽ ഒരുപാട് പരിഷ്‌കരണങ്ങൾക്ക് വേണ്ടി നിലകൊണ്ട ഓഫിസർക്ക് ബിജെപിയിലേക്ക് ഹാർദവമായ സ്വാഗതമെന്നായിരുന്നു അംഗത്വം നൽകിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ധീരമായി പല പരിഷ്‌കാരങ്ങളും കൊണ്ടു വന്ന ഉദ്യോഗസ്ഥയാണ് ശ്രീലേഖ. സാഹിത്യകാരിയുമാണ്. നവരാത്രി കാലത്ത് ധീര വനിതയെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ശ്രീലേഖയുടെ അനുഭവ സമ്പത്തും കഴിവും പാർട്ടിക്കും ജനങ്ങൾക്കും ഗുണം ചെയ്യും. സമൂഹത്തിലെ പ്രമുഖരായ പലരും ബിജെപിയിലേക്ക് വരും. സമൂഹത്തിലെ സാംസ്‌കാരിക പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ എന്നിങ്ങനെ നാനാതുറയിലുള്ളവർ പാർട്ടിയിലേക്ക് വരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിയില്‍ അംഗത്വമെടുക്കുന്ന കാര്യം ശ്രീലേഖ ഇടിവി ഭാരതിനോട് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ കുറിച്ചു കൂടുതല്‍ പറയാനില്ലെന്നും അവര്‍ പറഞ്ഞിരുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ആര്‍ ശ്രീലേഖ കേരള പൊലീസിലെത്തുന്നത് ചരിത്രം സൃഷ്‌ടിച്ചു കൊണ്ടാണ്. വനിതകള്‍ കടന്നു വരാന്‍ മടിച്ചിരുന്ന ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്ക് ആദ്യമെത്തിയ മലയാളി എന്ന ഖ്യാതി ശ്രീലേഖയ്ക്കായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ എസ് പിയായും സിബിഐയില്‍ ഡിഐജിയായും എറണാകുളം റേഞ്ച് ഐ ജിയായും പ്രവര്‍ത്തിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ എം ഡി, ക്രൈം ബ്രാഞ്ച് ഐ ജി, എഡിജിപി ആര്‍മ്ഡ് പൊലീസ് ബെറ്റാലിയന്‍, വിജിലന്‍സ് മേധാവി, നിര്‍ഭയ നോഡല്‍ ഓഫിസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദമായ കിളിരൂര്‍ പെണ്‍വാണിഭ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയുമായിരുന്നു.
2020 ല്‍ അഗ്നിരക്ഷ സേന മേധാവി സ്ഥാനത്തിരിക്കെയാണ് വിരമിച്ചത്. 33 വര്‍ഷവും 5 മാസവും ഇന്ത്യന്‍ പൊലീസ് സേനയില്‍ ആര്‍ ശ്രീലേഖ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കോളജ് അധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച ശ്രീലേഖ ഐ പി എസില്‍ എത്തുന്നതിന് മുന്‍പ് ആര്‍ബിഐ ഗ്രേഡ് ബി ഓഫിസറായിരുന്നു.
Also Read: 'മോദിയുടെ കാല്‍ ഇടറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കാൽ തീർത്ത് കളയും': സുരേഷ് ഗോപി