തിരുവനന്തപുരം: കാടുകാക്കാന്‍ രാപകല്‍ ഉണര്‍ന്നിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തതിനിടയിലും സ്വന്തം ജീവന്‍ കൂടി കാക്കാനാവാശ്യായ ആയുധങ്ങള്‍ സ്വന്തം ചിലവില്‍ വാങ്ങേണ്ട ദുരവസ്ഥയിലാണ് വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാര്‍. വന്യജീവികളുടെ ആക്രമണം വര്‍ദ്ധിക്കുകയും വനപാലകരുടെ സുരക്ഷ ആശങ്കയിലുമായിരിക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്.
വാച്ചര്‍മാര്‍ക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നല്‍കണമെന്ന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ മകള്‍, വാച്ചര്‍ പോളിന്‍റെ മരണം ഓര്‍പ്പിച്ച് മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വന പാലകര്‍ക്ക് വന്യമൃഗങ്ങളെ നേരിടാന്‍ ആയുധം വേണമെന്ന ആവശ്യത്തിന് പ്രസക്തി ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്.
സ്വന്തം പോക്കറ്റില്‍ നിന്നും കടം വാങ്ങിയും സംഘടിപ്പിച്ച പണം ഉപയോഗിച്ചും വാങ്ങിയ ആയുധങ്ങള്‍ കൊണ്ട് കാടുകാക്കുക എന്ന പരിസ്ഥിതി പ്രവര്‍ത്തനം കൂടി നടത്തുന്ന ഫോറസ്റ്റ് വാച്ചര്‍മാര്‍ക്ക് നേരെ വനം വകുപ്പ് അവഗണന തുടരുകയാണ്.
കൊടും കാടുകളിലേക്ക് പോകുമ്പോള്‍ ധരിക്കാനുള്ള ഷൂസ്, ടോര്‍ച്ച് ലൈറ്റ്, കത്തി എന്നിവയാണ് രണ്ടു വര്‍ഷമായി സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തത്. 2337 ഫോറസ്റ്റ് വാച്ചര്‍മാരാണ് ആകെ ഉള്ളത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇവരില്‍ പലര്‍ക്കും ഐ ഡി കാര്‍ഡു പോലും ഇതുവരെ ലഭ്യമായിട്ടില്ല. വര്‍ഷാ വര്‍ഷം നല്‍കാറുള്ള 2 ജോഡി യൂണിഫോമില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് ഒന്ന് മാത്രം.
2023 ല്‍ അതും ലഭിച്ചില്ല. ശമ്പളം കുടിശികയാക്കുന്നതിന് പുറമെയാണ് ഈ അവഗണനയും ഫോറസ്റ്റ് വാച്ചര്‍മാര്‍ നേരിടുന്നത്. പരസ്യമായി പ്രതികരിച്ചാല്‍ പ്രതികാര നടപടിയായി തൊഴില്‍ നഷ്‌ടപ്പെടുമെന്നതിനാല്‍ മിണ്ടാന്‍ തന്നെ പേടിയാണ് ഈ വനപാലകര്‍ക്ക്.
വേള്‍ഡ് വൈഡ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യു ഡബ്ല്യു എഫ് ) എന്നീ സംഘടനകള്‍ മുഖേനയാണ് ഇത്രയും കാലം ഈ വസ്‌തുക്കള്‍ ലഭിച്ചിരുന്നതെന്നും വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ സര്‍ക്കാരില്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഫണ്ടിന്‍റെ ലഭ്യത കുറവാണ് കാരണമെന്നാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്‍റ് അധികൃതരില്‍ നിന്നും കേരള സ്റ്റേറ്റ് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന് ലഭിച്ച മറുപടി. സന്നദ്ധ സംഘടനകള്‍ കയ്യൊഴിഞ്ഞതിനാല്‍ സര്‍ക്കാര്‍ നേരിട്ട് വസ്‌തുക്കള്‍ വിതരണം ചെയ്യണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.
ഫോറസ്റ്റ് വാച്ചര്‍മാരില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. ഇവരില്‍ ഇരുന്നൂറിനടുത്താളുകള്‍ക്ക് മാത്രമേ സ്ഥിര നിയമനം ലഭിച്ചിട്ടുമുള്ളൂ. താത്കാലിക ജീവനക്കാരുടെ ശമ്പളം 6 മാസമായി വീണ്ടും കുടിശികയായിരിക്കുകയാണ്. മുന്‍പ് കുടിശിക വന്നപ്പോള്‍ സമരം ചെയ്‌താണ് ശമ്പളം നേടിയെടുത്തത്. വകുപ്പില്‍ കൊടുത്ത പരാതികള്‍ക്ക് പരിഹാരം കിട്ടാത്തതിനാല്‍ നവകേരള സദസ്സില്‍ പരാതി കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലം.
ജോലിയുടെ ഭാഗമായി മാവോയിസ്റ്റുകളുടെ സാന്നിധ്യം അടക്കമുള്ള കൊടും വനങ്ങളിലേക്ക് പോകുന്ന ഫോറസ്റ്റ് വാച്ചര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. പ്രശ്‌നത്തില്‍ സര്‍ക്കാരും വനം അധികൃതരും ഇടപെടുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ ആലോചിക്കുകയാണ് വനപാലകര്‍.
Also read: ബേലൂർ മഖ്‌ന ദൗത്യം : സംസ്ഥാനങ്ങൾ ചേർന്ന് ആക്ഷൻപ്ലാൻ തയ്യാറാക്കണമെന്ന് ഹൈക്കോടതി