മാനന്തവാടി: വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്‍റെ കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്ക് നേരെ ക്ഷുഭിതരായി അജീഷിന്‍റെ മക്കളും നാട്ടുകാരും. 10 ദിവസമായിട്ടും ആനയെ വെടിവെക്കാൻ കഴിയാത്ത സർക്കാർ മനുഷ്യന് നൽകുന്നത് പുല്ലുവിലയല്ലേ എന്ന് അജീഷിന്‍റെ മകൾ മന്ത്രിമാരോട് ചോദിച്ചു. വാച്ചർമാർക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നൽകണമെന്നും പോളിന്‍റെ മരണം ഓർമ്മിപ്പിച്ച് അജീഷിന്‍റെ മകൾ പറഞ്ഞു.
എന്നാൽ അത് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് മന്ത്രിമാർ അറിയിച്ചു. മരിച്ച അജീഷിന്‍റെ കുടുംബത്തെ മന്ത്രിമാർ ആശ്വസിപ്പിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് അജീഷിന്‍റെ വീട്ടിലെത്തിയത്. വോട്ട് കാട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മന്ത്രിമാർക്ക് നേരെ കയർത്തുകൊണ്ട് നാട്ടുകാരും പ്രതികരിച്ചു.
ആനയെ എന്തുകൊണ്ട് ഇതുവരെ മയക്കുവെടിവെച്ചില്ലെന്ന് മരിച്ച അജീഷിന്‍റെ പിതാവ് മന്ത്രിമാരോട് ചോദിച്ചു.
വയനാട്ടിലെ അതിർത്തികളിൽ വളർത്തു മൃഗങ്ങളെ വളർത്തുന്ന കാര്യത്തിൽ വ്യവസ്ഥകൾ കൊണ്ടുവരുമെന്ന മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണത്തിലും മരിച്ച അജീഷിന്‍റെ കുടുംബം പ്രതിഷേധമറിയിച്ചു.
എന്നാൽ ആടുമാടുകളെ വളർത്താൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് കുടുംബത്തെ അറിയിച്ചു. ആടുമാടുകൾ വളർത്തരുതെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ഇനി തീരുമാനിക്കുകയുമില്ലെന്നും എം ബി രാജേഷ് ഉറപ്പ് നൽകി. മൃഗസ്നേഹികൾക്ക് വാടകയ്ക്ക് വീട് കൊടുക്കാം. ഞങ്ങൾ അനുഭവിക്കുന്നത് ഒന്ന് വന്ന് അനുഭവിച്ച് പോവട്ടെ എന്നും നാട്ടുകാർ പറഞ്ഞു.