കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തില്‍ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരിശോധന നടത്തി വനം വകുപ്പ്. നാല് സംഘങ്ങളായാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി.പ്രദീപ്, അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, ഡെപ്യൂട്ടി റേഞ്ചര്‍ പ്രദീപന്‍ കാരായി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വന്യജീവി സങ്കേതത്തിലെ നാല് കുരങ്ങുകളെയാണ് ബുധനാഴ്‌ച (ഓഗസ്റ്റ് 28) ചത്ത നിലയില്‍ കണ്ടെത്തിയത്. കുരങ്ങ് പനി പോലുള്ള രോഗ സാധ്യതകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. രണ്ട് വര്‍ഷം മുമ്പ് വന്യജീവി സങ്കേതത്തില്‍ കുരങ്ങ് പനി പരത്തുന്ന ചെള്ളുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിനാലാണ് വനം വകുപ്പ് ജാഗ്രത പാലിക്കുന്നത്. എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയില്‍ കുരങ്ങുകള്‍ക്ക് രോഗം ബാധിച്ച നിലയിലോ ചത്തനിലയിലോ കണ്ടെത്താനായില്ല.
ചത്ത നിലയില്‍ കണ്ടെത്തിയ കുരങ്ങുകളുടെ ആന്തരിക അവയവങ്ങളും ശ്രവങ്ങളും വയനാട് വെറ്റിനറി ആശുപത്രിയിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. ആറളം വന്യജീവി സങ്കേതത്തില്‍ വളയംചാല്‍ ഭാഗത്ത് മാത്രം 200ലേറെ കുരങ്ങുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.