തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിലെ നിര്‍ണായക തെളിവായ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഫോറൻസിക് അന്വേഷണം ആരംഭിച്ചു. തമ്പാനൂർ ഡിപ്പോയിൽ ഉള്ള കെഎസ്ആർടിസി ബസില്‍ തമ്പാനൂർ പൊലീസിന്‍റെയും ഫിംഗർ പ്രിന്‍റ് ബ്യൂറോയുടെയും ഫോറൻസിക്കിന്‍റെയും നേതൃത്വത്തിൽ പരിശോധന നടത്തി.
ഫിംഗർ പ്രിന്‍റ് വിദഗ്‌ധ സിന്ധു എസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസിനുള്ളിൽ ഇന്നലെ കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാണാനില്ലെന്ന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കെഎസ്ആർടിസി അധികൃതർ സംഭവത്തിൽ തമ്പാനൂർ പൊലീസിന് പരാതി നൽകിയത്.
മെമ്മറി കാർഡ് ആരെങ്കിലും എടുത്തുമാറ്റിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഇത് കണ്ടെത്താനാണ് പരിശോധന ആരംഭിച്ചത്. പ്രധാനമായും മുൻവശത്തെ ക്യാമറയിരിക്കുന്ന ഡ്രൈവർ ക്യാബിനിൽ ആണ് പരിശോധന നടന്നത്. ഡ്രൈവർ ക്യാബിനിലേക്ക് കയറാനുള്ള ഡോറിന് പുറത്തും പരിശോധന നടത്തി. ഫോറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
Also Read : 'സച്ചിന്‍ ദേവ് ബസില്‍ കയറിയത് ടിക്കറ്റ് എടുക്കാന്‍': എംഎല്‍എ യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും എ എ റഹിം - Arya Rajendran KSRTC Driver Issue