കണ്ണൂര്‍ : കണ്ണൂരിനടുത്ത് അഴീക്കലിലെ സില്‍ക്കിന്‍റെ ഷിപ്പ് ബ്രേക്കിങ്ങ് യൂണിറ്റിലേക്ക് പോളിക്കാന്‍ കൊണ്ടു പോയ രണ്ട് മാലി മല്‍സ്യ ബന്ധനക്കപ്പലുകളിലൊന്നായിരുന്നു ഒയിവാലി. അഞ്ച് വര്‍ഷം മുമ്പ് കടലില്‍ കുടുങ്ങിയ കപ്പല്‍ പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാകാതെ ധര്‍മ്മടം കടലില്‍ കിടക്കുകയാണിന്നും.പൊളിക്കാന്‍ അഴീക്കലിലെത്തിക്കേണ്ട കപ്പലിന്‍റെ അവശിഷ്‌ടങ്ങളാണ് കടലില്‍ കിടക്കുന്നത്. 'ഒയിവാലി' എന്ന ഈ വിദേശ കപ്പലിന്‍റെ 60 ശതമാനത്തോളം നേരത്തെ നീക്കം ചെയ്‌തിരുന്നുവെങ്കിലും ശേഷിക്കുന്ന ഭാഗം ഇപ്പോഴും കടലില്‍ തന്നെയാണ്.
അഴീക്കോട്ട് സില്‍ക്കിലെത്തിച്ച് പൊളിക്കേണ്ട കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വ്യക്തതയില്ലെന്ന് നാട്ടു കാര്‍ ആരോപിക്കുന്നു. "കടലില്‍ ഉപേക്ഷിച്ച നിലയിലുള്ള കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ഒഴുകി കരയ്ക്കടിയാറുണ്ട്. കപ്പലിന്‍റെ പകുതിയിലേറെ പൊളിച്ചെടുത്ത് ധര്‍മ്മടത്ത് കരയ്ക്കെത്തിച്ചു കഴിഞ്ഞു.വെള്ളം കയറിയതു കൊണ്ട് ആര്‍ക്കും കപ്പലിന്‍റെ അടുത്തെത്താന്‍ കഴിയുന്നില്ല. വെള്ളം കുറഞ്ഞാല്‍ ബാക്കിയുള്ള ഭാഗം കൂടി പൊളിച്ചെടുക്കുമെന്നാണ് കരുതുന്നത്. " നാട്ടുകാരി വിമല പറയുന്നു.
ആന്ധ്രാപ്രദേശിലെ ഒരു കമ്പനിയാണ് പൊളിച്ചു നീക്കാനുളള കരാറെടുത്തിരുന്നത്. 2019 ഓഗസ്റ്റ് മാസമാണ് ഈ കപ്പല്‍ കടലില്‍പെട്ടത്. അന്ന് കപ്പലില്‍ നിന്നും രാസവസ്‌തുക്കള്‍ കടലില്‍ പരന്നതായി പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു. പൊളിക്കാന്‍ കൊണ്ടുവരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്ത് കൊണ്ടു പോകരുതെന്നുള്ള നിയമം കാറ്റില്‍ പറത്തിയാണ് ടഗില്‍ ബന്ധിച്ച് ഈ കപ്പലിനെ കൊണ്ടുവന്നത്.
ശക്തമായ മഴയിലും കാറ്റിലുംപെട്ട് ടഗിലെ വടംപൊട്ടി കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. കപ്പലില്‍ നിന്നും രാസവസ്‌തുക്കള്‍ കടലില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പോര്‍ട്ട് അധികൃതര്‍ക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും പരാതി നല്‍കുകയും ചെയ്‌തിരുന്നു.
2021ല്‍ കപ്പല്‍ പൊളിച്ചു നീക്കാന്‍ നടപടി ആരംഭിച്ചെങ്കിലും ക്രെയിനും വടവും ഉള്‍പ്പെടെ യന്ത്ര സാമഗ്രികള്‍ കടലില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനായി പ്രത്യേകം റോഡ് നിര്‍മ്മിച്ചാണ് ഉപകരണങ്ങള്‍ കടല്‍തീരത്ത് എത്തിച്ചത്. ഇതെല്ലാം കപ്പല്‍ പൊളിക്കുന്നത് വൈകാനിടയായി. ഈ പണി പുരോഗമിക്കവേ മഴക്കാലം വന്നത് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചു. കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ അപ്പോഴേക്കും കേടുവന്നതോടെ പൊളിക്കലിന് വീണ്ടും കാലതാമസം നേരിട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിൽ പന്ത്രണ്ട് അടിയിലേറെ കടല്‍മണലിലേക്ക് താണിരിക്കയാണ് കപ്പല്‍. ഔദ്യോഗികവും അനൗദ്യോഗികവുമായ ചര്‍ച്ചകള്‍ നിരവധി നടന്നെങ്കിലും കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കപ്പലിനെ വലിച്ചു കയറ്റാനുളള വടം മണലില്‍ ആഴ്ന്നിരിക്കയാണ്. പണി തുടങ്ങാനിരിക്കവേ ശക്തമായ കടലേറ്റവുമുണ്ടായി. അതോടെ വീണ്ടും പണി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഈ മാസം ഒടുവില്‍ കപ്പലിന്‍റെ ശേഷിക്കുന്ന ഭാഗങ്ങള്‍ പുറത്തെടുക്കാനുളള നീക്കം ആരംഭിക്കുമെന്നാണ് വിവരം.