കോഴിക്കോട്: വിഷുവിന് വില്‍പന നടത്തുക എന്ന ലക്ഷ്യത്തോടെ എത്തിച്ച നാൽപ്പത് കുപ്പി വിദേശമദ്യം പിടികൂടി. മാവൂർ കായലത്ത് വീടിൻ്റെ മുറ്റത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടിച്ചെടുത്തത്.
മദ്യം കൊണ്ടുവന്ന് സൂക്ഷിച്ച കായലം ചെങ്ങോത്ത് ശശിധരൻ (56) നെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഒരാൾക്ക് മൂന്ന് ലിറ്റർ വരെ മദ്യം സൂക്ഷിക്കാം എന്നിരിക്കെ നാൽപ്പത് കുപ്പികളിലായി ഇരുപത് ലിറ്ററോളം മദ്യമാണ് ഇയാൾ വീട്ടിൽ സൂക്ഷിച്ചത്.
വരുംദിവസങ്ങളിലും ഇതിനു സമാനമായ രീതിയിലുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് മാവൂർ പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു. മാവൂർ പൊലീസ് ഇൻസ്പെക്‌ടർ ടി ദാമോദരൻ,
എസ് ഐ മാരായ എം ബിജു ഭാസ്‌കർ, കെ കെ പുഷ്‌പ ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി എം മോഹനൻ, സിവിൽ പൊലീസ് ഓഫീസർ സുജിത വെള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.