തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ ബലൂണുകൾ, പട്ടങ്ങൾ എന്നിവ പറത്തുന്നതിന് നിരോധനം. ഹൈ റൈസർ ക്രാക്കേഴ്‌സ്, സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.
മേയ് 29 മുതലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിൻ്റെ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. വിമാനത്താവളത്തിനു ചുറ്റും ബലൂണുകൾ, പട്ടങ്ങൾ, ഹൈ റൈസർ ക്രാക്കേഴ്‌സ് തുടങ്ങിയ ഉപയോഗിക്കുന്നതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ടേക്ക് ഓഫ്, ലാൻഡിംഗ്, മറ്റ് ഫ്ലൈയിംഗ് ഓപ്പറേഷനുകൾ എന്നിവയ്ക്കിടെ വിമാനത്തിന് അപകടം ഉണ്ടാകാതിരിക്കാൻ വിമാനത്താവളത്തിന് ചുറ്റുമുള്ള ഫ്ലൈറ്റ് സോണിലെ പ്രവർത്തനങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പരിസരത്ത് ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കുന്നതുമൂലം അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. വിമാനത്താവളത്തിൻ്റെ പരിസരത്ത് ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണമെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.
Also Read: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; പൊലീസ് ഇൻസ്‌പെക്‌ടർക്കും എസ്ഐക്കും സസ്‌പെൻഷൻ