കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷം. കിഴക്കൻ മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം, പെരുവയൽ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടത്. ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതാണ് താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെടാൻ കാരണം. ഇന്ന് (ജൂലൈ 31) പുലർച്ചെ മുതലാണ് പുഴകൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്.
വീടുകളിൽ വെള്ളം ഇരച്ചെത്തിയതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു മിക്ക പ്രദേശത്തെയും വീട്ടുകാർ. വെള്ളപ്പൊക്കഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തിന്‍റെ കെടുതി ഏറ്റവും രൂക്ഷമായ മാവൂർ ഗ്രാമപഞ്ചായത്തിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.
സ്‌കൂളുകൾ അങ്കണവാടികൾ സാംസ്‌കാരിക നിലയങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ക്യാമ്പുകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും പൊലീസും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ റോഡുകളും പ്രധാന റോഡുകളും എല്ലാം വെള്ളത്തിലായതോടെ മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.
തോണികളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്‌ടമുണ്ടായതായി അധികൃതർ അറിയിച്ചു. കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസമാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതവും ഏറെക്കുറെ തടസപ്പെട്ടു.
അപകട മേഖലകളിലേക്കുള്ള ഗതാഗതം പൊലീസിന്‍റെ നേതൃത്വത്തിൽ ബാരിക്കേഡ് വച്ച് തടയുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്നതിനും വലിയ പ്രതിസന്ധിയാണ് വെള്ളപ്പൊക്കം സൃഷ്‌ടിച്ചത്. രണ്ടുദിവസമായി നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുന്നതിനാൽ വെള്ളപ്പൊക്കത്തിന്‍റെ തീവ്രത ഇനിയും വർധിക്കും എന്നാണ് കണക്കാക്കുന്നത്.
Also Read: പുഴകള്‍ കരകവിഞ്ഞ് വെള്ളം ഇരച്ചെത്തിയത് വീടുകളിലേക്ക്; കോഴിക്കോട് നിരവധിപ്പേരെ ഒഴിപ്പിച്ചു