തിരുവനന്തപുരം : വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകർന്ന് 15 പേർക്ക് പരിക്ക്. അനധികൃതമായി നൂറുകണക്കിനാളുകൾ ബ്രിഡ്‌ജിൽ കയറിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 15 പേരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരമാലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജിന്‍റെ കൈവരി തകർന്ന് വിനോദ സഞ്ചാരികൾ കടലിൽ വീഴുകയായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് വിനോദ സഞ്ചാര വകുപ്പ് വർക്കല ക്ലിഫിന് സമീപം ഫ്ളോട്ടിംഗ് സ്ഥാപിച്ചത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഫ്ലോട്ടിംഗ് ബ്രിഡ്‌ജിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്. അപകടം നടന്നയുടൻ ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി ഗാർഡും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം നടന്ന സമയം പാലത്തിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരമാല രക്ഷാ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.
Also Read : വര്‍ക്കലയ്ക്ക് ക്രിസ്‌മസ് സമ്മാനം; ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്‌ജ് നാടിന് സമര്‍പ്പിച്ചു