കോഴിക്കോട്: ജില്ലയിൽ വിൽപ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ. കോഴിക്കോട് എക്‌സൈസ് വിഭാഗത്തിന്‍റെ വിവിധ സ്‌ക്വാഡുകൾ സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്. മുക്കത്തിന് സമീപം മണാശേരി ജംഗ്ഷനിൽ വച്ച് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ താമരശ്ശേരി തച്ചംപൊയിൽ വെളുപ്പാൻ ചാലിൽ മുബഷിർ (24), വെസ്‌റ്റ് കൈതപ്പൊയിൽ പുഴക്കുന്ന് ആഷിക് (34) എന്നിവരെ എക്‌സൈസ് കസ്‌റ്റഡിയിലെടുത്തു. ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് ഉൾവശത്ത് ഒളിപ്പിച്ച നിലയിലാണ് 616.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ 72500 രൂപയും രണ്ട് മൊബൈൽ ഫോണുകളും കസ്‌റ്റഡിയിലെടുത്തു.
എംഡിഎംഎ പ്രാദേശിക വിപണിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരും. കോഴിക്കോട് എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും നേരത്തെ മുതൽ എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ ഇരുവരും പിടിയിലാവുന്നത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിൽ മണാശ്ശേരിയിലെ വാടക റൂമില്‍ നിന്നും മൂന്നുപേരെ കൂടി എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. താമരശ്ശേരി ചുടലമുക്ക് അരേറ്റ കുന്നുമ്മല്‍ ഹബീബ് റഹ്‌മാന്‍ (23), എളേറ്റില്‍ വട്ടോളി കരിമ്പാപൊയില്‍ ഫായിസ് മുഹമ്മദ് (27), ചേളന്നൂര്‍ പള്ളിയാറപൊയില്‍ ജാഫര്‍ സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 43 ഗ്രാം എംഡിഎംഎ യും 12500 രൂപയും പിടിച്ചെടുത്തു.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ ഗിരീഷ് കുമാര്‍, എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ എക്‌സൈസ് ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: ചെലവ് ഭീമം ; ലഹരി ഉപയോഗിച്ച് കറങ്ങുന്നവരെ പൂട്ടുന്ന സലൈവ മെഷീൻ പണി നിർത്തി