എറണാകുളം: സീ പ്ലെയിൻ പദ്ധതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യ തൊഴിലാളി സംഘടനകൾ. മത്സ്യ തൊഴിലാളി കോ ഓർഡിക്ഷേൻ കമ്മിറ്റി പതിനേഴിന് ആലപ്പുഴയിൽ യോഗം ചേരും. മത്സ്യ ബന്ധന മേഖലയിലെ സിഐടിയു ഉൾപ്പടെയുളള മുഴുവൻ ഭരണ, പ്രതിപക്ഷ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് ആശ്രയിക്കുന്ന ജലാശയങ്ങളിൽ സീ പ്ലെയിൻ ഇറങ്ങാൻ അനുവദിക്കില്ലന്ന് മത്സ്യ തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു. മത്സ്യ തൊഴിലാളി സംഘടനകളുമായി ഒരു ചർച്ചയും നടത്താതെ ഏകപക്ഷീയമായാണ് സീപ്ലെയിൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. 2013ല്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് സീ പ്ലെയിൻ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
അന്ന് ആലപ്പുഴയിൽ സീപ്ലെയിൻ ഇറക്കാനുള്ള ശ്രമം വഞ്ചിയിറക്കി തടയുകയായിരുന്നു. സീ പ്ലെയിൻ ഇറങ്ങാൻ പരിഗണിക്കുന്ന അഷ്‌ടമുടി കായലും കൊച്ചിയിലെ ബോൾഗാട്ടിയും ചന്ദ്രഗിരി പുഴയുമൊക്കെ മത്സ്യ ബന്ധന മേഖലയാണെന്നും ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സ്യ തൊഴിലാളികളെ ബാധിക്കുന്ന ഒരു പദ്ധതി ഏകപക്ഷീയമായി നടപ്പിലാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ലക്ഷകണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗമാണ് മത്സ്യ ബന്ധന മേഖല. പരമ്പരാഗത മേഖലയുടെ പുനസംഘടനയ്ക്ക് പകരം മറ്റ് രാജ്യങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതികൾ അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുമായി കൂടിയാലോചനകൾ നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയ സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് മത്സ്യ ബന്ധന മേഖലയിലെ സംഘടനകൾക്കെല്ലാമുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ വ്യത്യസ്‌തമായ പദ്ധതികളിലൂടെ മത്സ്യ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്നും ചാൾസ് ജോർജ് ആരോപിച്ചു.
തങ്ങൾ സർക്കാറുമായി ചർച്ചയ്ക്ക് തയ്യാറാണ്. മത്സ്യ ബന്ധന മേഖലയെ ബാധിക്കാതെ സ്ലീ പെയിൻ പദ്ധതി നടപ്പാക്കുകയാണെങ്കിൽ മത്സ്യ തൊഴിലാളികൾ എതിർക്കുകയില്ലെന്നും ചാൾസ് വ്യക്തമാക്കി.