ഇടുക്കി: മത്സ്യ കൃഷിയില്‍ വിജയം കൈവരിക്കുകയാണ് ദേവിയാര്‍ കോളനി സ്വദേശിയായ അബ്‌ദുള്‍ ജബ്ബാര്‍. 60 സെന്‍റോളം വരുന്ന സ്ഥലത്ത് 3000 ത്തോളം മീന്‍ കുഞ്ഞുങ്ങളെ അബ്‌ദുള്‍ ജബ്ബാര്‍ പരിപാലിച്ച് പോന്നിരുന്നു. മീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയെത്തിയതോടെ അബ്‌ദുള്‍ ജബ്ബാര്‍ വിളവെടുപ്പ് നടത്തി.
ആദ്യ ദിവസത്തെ വിളവെടുപ്പില്‍ 800 കിലോയോളം മീന്‍ ലഭിച്ചു. മത്സ്യം വാങ്ങാനും ധാരാളം ആളുകള്‍ എത്തി. പത്ത് കിലോ വരെ തൂക്കം വരുന്ന മീനുകള്‍ വിളവെടുപ്പില്‍ ലഭിച്ചിരുന്നു.
ഗ്രാസ്‌കാര്‍പ്പ്, കട്‌ല, റൂഹ്, ആസാം വാള, കൊഞ്ച് തുടങ്ങി വിവിധയിനം മത്സ്യങ്ങളെയായിരുന്നു അബ്‌ദുള്‍ ജബ്ബാര്‍ കൃഷിക്കായി നിക്ഷേപിച്ചിരുന്നത്. കിലോ ഒന്നിന് 200 രൂപക്കാണ് മത്സ്യവില്‍പ്പന നടത്തിയത്. പഞ്ചായത്തംഗങ്ങള്‍ മത്സ്യവിളവെടുപ്പില്‍ പങ്കെടുത്തു.
നെല്‍ കൃഷിയില്‍ നൂറ് മേനി കൊയ്‌ത് ചെമ്പകം വനിത കൂട്ടായ്‌മ: മാവൂർ ചിറക്കൽ താഴത്തെ നടുവിലേടത്ത് താഴം വയൽ ഏറെക്കാലമായി തരിശായി കിടക്കുകയായിരുന്നു. ഇവിടുത്തെ കൃഷി സംബന്ധിച്ച് പുതുതലമുറയ്‌ക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്നു. അങ്ങനെയുള്ള വയലിനെയാണ് ഇപ്പോൾ ചെമ്പകം വനിത കാർഷിക കൂട്ടായ്‌മ വിള സമൃദ്ധമാക്കിയിരിക്കുന്നത്.
കാര്‍ഷികരംഗത്ത് വിജയത്തിന്‍റെ പുതു അധ്യായം രചിച്ചിരിക്കുകയാണ് ഈ കൂട്ടായ്‌മ. 11 പേരടങ്ങിയ സംഘം നാല് ഏക്കറിലാണ് നെൽകൃഷി ഇറക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് കൃഷിയെ പരിചരിച്ചപ്പോൾ നൂറു മേനി വിളവാണ് ലഭിച്ചത്.
120 ദിവസം മൂപ്പുള്ള ഉമ, വൈശാഖ് എന്നീ ഇനങ്ങളില്‍പ്പെട്ട നെൽവിത്തുകളാണ് ഇറക്കിയത്. കാർഷിക വകുപ്പിന്‍റെയും പ്രദേശത്തെ പാരമ്പര്യ കർഷകരുടെയും മാർഗനിർദേശത്തിൽ കൈമെയ് മറന്നുള്ള ഇവരുടെ പരിചരണത്തിൽ നെൽകൃഷി വിളവെടുപ്പിന് പാകമായി. നടുവിലേടത്ത് വയലിലെ നെൽകൃഷിയുടെ വിളവെടുപ്പിന് മാവൂരിലെ ജനപ്രതിനിധികളും പ്രദേശത്തെ കർഷകരുമെല്ലാം ഒത്തുകൂടിയിരുന്നു. ഇവരുടെ ആവശ്യം കഴിഞ്ഞ്, ബാക്കി വരുന്ന നെല്ല് വിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ വിജയം വരുംവർഷങ്ങളിലും കൂടുതൽ കൃഷിയിറക്കാനുള്ള പ്രചോദനമായാണ് ചെമ്പകം കാർഷിക കൂട്ടായ്‌മയിലെ വനിത അംഗങ്ങൾ കണക്കാക്കുന്നത്.