കൊല്ലം: മഴവെള്ളം ഒഴുകിയെത്തി തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ. കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം തീരത്ത് നിന്നും പോകുന്ന വള്ളങ്ങൾ നല്ല കൊയ്ത്തുമായാണ് മടങ്ങിയെത്തുന്നത്. ട്രോളിങ് നിരോധനം ആരംഭിച്ചതോടെ കുത്തനെ ഉയർന്ന മത്സ്യവിലയിലും ഇടിവുണ്ടായി.
നെത്തോലി, കിളിമീൻ, പൊള്ളൽച്ചൂര, അയില, പരവ തുടങ്ങിയ ഇനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തെ വള്ളക്കാർക്ക് കിട്ടുന്നത്. നാരൻ കൊഞ്ചും ലഭിച്ചു. എന്നാൽ ചാള കാര്യമായി കിട്ടുന്നില്ല. വലിയൊരു വിഭാഗം വള്ളങ്ങൾക്ക് കഴിഞ്ഞ രണ്ട് ദിവസമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 രൂപ മുതൽ 40 വരെയായിരുന്നു കൊല്ലം തീരത്തെ ഇന്നലത്തെ നെത്തോലിയുടെ വില.
കിളിമീൻ വലുത്- 170-200 കിളിമീൻ ചെറുത്- 120 പൊള്ളൽച്ചൂര 150-70 ചാള- 220-240 പരവ- 350 നാരൻ കൊഞ്ച് 300-380 വരെയാണ്. ട്രോളിങ് നിരോധനത്തിന്‍റെ ആദ്യനാളുകളിൽ വൻ ഡിമാൻഡായിരുന്ന കിളിമീന്‍റെ വിലയും ഇടിഞ്ഞു. വള്ളങ്ങൾ കൂട്ടത്തോടെ കടലിൽ പോകുന്നതിനാൽ വാടി ഹാർബറിൽ ഇപ്പോൾ 24 മണിക്കൂറും മത്സ്യം ലഭിക്കുന്നുണ്ട്. മത്സ്യലഭ്യത കാര്യമായി തുടർന്നാൽ ട്രോളിങ് നിരോധനം അവസാനിക്കുന്നത് വരെ വാടി ഹാർബർ സജീവമായി തുടരും.
ALSO READ: വിഴിഞ്ഞത്ത് മൂന്നാമതും കപ്പല്‍; എത്തിയത് ലൈബീരിയന്‍ ഫീഡര്‍ വെസല്‍