കോഴിക്കോട് : 166 തീർഥാടകർ അടങ്ങുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. 86 പുരുഷന്മാരും 80 സ്ത്രീകളും അടങ്ങുന്ന സംഘമാണ് ആദ്യ ബാച്ചിലുള്ളത്. പുലർച്ചെ അഞ്ച് മണിക്ക് ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തിയ തീർഥാടക സംഘത്തെ വിവിധ സംഘടന സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു.
ജിദ്ദയിൽ നിന്നും ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തിയ തീർഥാടകർക്ക് ഊഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വാഗത ഗാനം ആലപിച്ചും കൈ നിറയെ സമ്മാനങ്ങൾ നൽകിയും ഓരോ ഹാജിയേയും പുണ്യഭൂമിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ വിവിധ പ്രവാസി സംഘടനകൾക്ക് കീഴിൽ നൂറുകണക്കിന് മലയാളി സന്നദ്ധ വൊളണ്ടിയർമാർ പുലർച്ചെ തന്നെ ആദ്യ സംഘത്തെ സ്വീകരിക്കാൻ താമസ കേന്ദ്രത്തിൽ എത്തിയിരുന്നു.
മക്ക അസീസിയിലെ മഹത്വത്തിൽ ബങ്കിലെ കെട്ടിട നമ്പർ 182 ലാണ് ആദ്യമെത്തിയ 166 തീർഥാടകർക്കും താമസസൗകര്യം ഒരുക്കിയിരുന്നത്. സ്ത്രീകൾ മാത്രമുള്ള ഹജ്ജ് സംഘം നാളെ (23/05/24) കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കും. 166 പേരടങ്ങുന്ന സംഘം വൈകിട്ട് അഞ്ചിന് യാത്ര തിരിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 17,883 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തുനിന്ന് ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ഇവരില്‍ 10,604 പേര്‍ വനിതകളും 7279 പേര്‍ പുരുഷന്മാരുമാണ്.
രണ്ട് വയസിന് താഴെയുള്ള എട്ട് കുഞ്ഞുങ്ങളും തീര്‍ഥാടക സംഘത്തില്‍ ഉള്‍പ്പെടും. തീർഥാടകരില്‍ 1250 പേര്‍ 70 വയസ് കഴിഞ്ഞവരും 3582 പേര്‍ ലേഡീസ് വിത്തൗട്ട് മഹ്റം വിഭാഗത്തില്‍നിന്നുള്ളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
ജൂണ്‍ ഒമ്പതുവരെ 59 വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്‌തിട്ടുള്ളത്. ജൂണ്‍ എട്ടിന് നാലുവിമാനങ്ങളും ഒമ്പതിന് ഒരു വിമാനവും മറ്റ് ദിവസങ്ങളില്‍ മൂന്നുവിമാനങ്ങള്‍ വീതവുമാണ് സർവീസ് നടത്തുക. കാത്തിരിപ്പ് പട്ടികയില്‍ നിന്ന് അവസരം ലഭിച്ചവര്‍ക്കുള്ള അധിക വിമാനവും ജൂണ്‍ ഒമ്പതിന് മുമ്പുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും.
മെയ് 26നാണ് കൊച്ചിയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും വിമാനം യാത്ര ആരംഭിക്കും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും ഹജ്ജ് സർവീസ് നടത്തുന്നത്.