കോഴിക്കോട്: പ്രളയത്തിലും ഉരുൾപൊട്ടലിലും കൈത്താങ്ങായ ഫയർമാൻ ഇ കെ അബ്‌ദുള്‍ സലീമിന് ദേശീയ പുരസ്‌കാരം. സ്‌തുത്യര്‍ഹ സേവനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആൻ്റ് ഹോം ഗാര്‍ഡ് ഡയറക്‌ടര്‍ ജനറല്‍ നല്‍കുന്ന ഡിസ്‌കിനും കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റിനുമാണ് കോഴിക്കോട് മുക്കം സ്വദേശിയും മലപ്പുറം ഫയര്‍ ആന്‍റ് റസ്‌ക്യു സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസറുമായ ഇ കെ അബ്‌ദുള്‍ സലിം അര്‍ഹനായത്. ദേശീയ അഗ്നിശമന വാരത്തോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
2007 ലെ കോഴിക്കോട് മിഠായിത്തെരുവ് അഗ്നിബാധ, 2012 ലെ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍, 2018 ലെ വെള്ളപ്പൊക്കം, അരീക്കോട് ഓടക്കയം ഉരുള്‍പൊട്ടല്‍, 2019 ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തമുഖങ്ങളില്‍ നിര്‍ണായകമായ ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയത്. 2020 ൽ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡലിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ് അബ്‌ദുൾ സലീം.
2019 ലെ കവളപ്പാറയിലെ പ്രകൃതി ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് കൊണ്ട് സലിം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ ഏറെ വൈറലായിരുന്നു. ഈ കുറിപ്പുകള്‍ക്ക് കേരളാ ഫയര്‍ ആൻ്റ് റസ്‌ക്യു സര്‍വീസസ് ഡയറക്‌ടര്‍ ജനറലിന്‍റെ കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
1993 ന്‍ പൊലീസുകാരനായി സര്‍വീസ് ആരംഭിച്ച സലീം, മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്‍റെ പഴയ ഗോള്‍കീപ്പര്‍ ആയിരുന്നു. 1996 ല്‍ ആണ് ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസിലെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയും സലിം ശ്രദ്ധേയനാണ്. ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ അധ്യാപിക ആമിനയാണ് ഭാര്യ. മക്കള്‍: ആന്‍സില്‍, അലന.
കട്ടപ്പനയിൽ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ അഗ്നിശമന സേന ദിനം ആചരിച്ചു: ഏപ്രിൽ 14 നാണ് രാജ്യമെമ്പാടും അഗ്നിശമന സേന ദിനമായി ആചരിക്കുന്നത്. 1944 ഏപ്രിൽ 14 ന് മുംബൈ തുറമുഖത്ത് നങ്കൂരം ഇട്ടിരുന്ന കപ്പലിൽ വൻസ്ഫോടനം ഉണ്ടാവുകയും നിരവധി പേർ മരണപ്പെടുകയും ചെയ്‌തിരുന്നു. സ്ഫോടന വസ്‌തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയ അഗ്നിശമനസേന പല വിഭാഗങ്ങളായി തിരിഞ്ഞ് തീ ആളിപ്പടർന്നത് നിയന്ത്രണവിധേയമാക്കുകയും വീണ്ടും സ്ഫോടനം ഉണ്ടാവാതിരിക്കാൻ ധീരമായ പ്രവർത്തനം നടത്തുകയും ഉണ്ടായി.
ഈ പ്രവർത്തനത്തിൽ 59 സേന അംഗങ്ങളുടെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്‌തു. ഈ സംഭവം അനുസ്‌മരിച്ച് കൊണ്ടും, കേരളത്തിലടക്കം മണ്മറഞ്ഞ ധീരമായ അഗ്നിശമന സേനാംഗങ്ങളെ ആദരിച്ചുകൊണ്ടുമാണ് അഗ്നിശമന സേന ദിനം ആചരിക്കുന്നത്. വിവിധ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവൻ വെടിഞ്ഞ സേനാംഗങ്ങളുടെ പ്രവർത്തനം മറ്റ് സേന അംഗങ്ങൾ പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പനയിൽ ഫയർഫോഴ്‌സ് ദിനാചരണം സംഘടിപ്പിച്ചത്.
ALSO READ : ദുരന്തമുഖത്ത് രക്ഷകരാകാന്‍ പെൺകരുത്തും; കേരള ഫയർഫോഴ്‌സിലേക്ക് രണ്ട് വനിതകൾ നിയമിതരായി