കോഴിക്കോട് : വിഷുക്കണിയും കൈനീട്ടവും സദ്യയുമൊക്കെ പ്രധാന ഘടകങ്ങളാണെങ്കിലും മലബാറില്‍ വിഷു പൊടിപൊടിക്കണമെങ്കില്‍ പടക്കങ്ങൾതന്നെ വേണം. ഒരു വീട്ടിൽ ഒന്നു പൊട്ടിച്ചാൽ അടുത്തവീട്ടിൽ രണ്ടെണ്ണം പൊട്ടിക്കുന്ന കാലമൊക്കെ പണ്ട് ഉണ്ടായിരുന്നു. അക്കാലമൊക്കെ കഴിഞ്ഞെങ്കിലും ഇപ്പോഴും പടക്ക വിപണി സജീവമാണ്.
ശിവകാശി പടക്കങ്ങൾ പൂർണമായും വിപണി കയ്യടക്കുന്ന ഇക്കാലത്ത് പ്രാദേശിക പടക്കങ്ങളുടെ സ്ഥാനം എവിടെയെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമാണുള്ളത്. അത് കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂര്‍ എന്നാണ്. ഉത്സവങ്ങൾ ഏറെയുള്ള കിഴക്കൻ മലയോര ഗ്രാമങ്ങളിൽ വെള്ളന്നൂരിലെ പടക്കങ്ങളും ഇളനീർ പൂക്കളും ആയിരുന്നു ഉത്സവത്തിനെത്തുന്ന കാഴ്‌ചക്കാരെ ഹരം കൊള്ളിച്ചിരുന്നത്. ഈ മേന്മ തന്നെയാണ് ഇപ്പോൾ വിഷുവിനും ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ വെള്ളന്നൂരിൽ പടക്കങ്ങൾ തേടിയെത്താൻ കാരണം.
പടക്കങ്ങളും പൂത്തിരികളും, മത്താപ്പുകളും, മേശപ്പൂവും, അമിട്ടുകളും നിർമ്മിക്കുന്ന നിരവധി അംഗീകൃത കമ്പനികളുണ്ട് വെള്ളന്നൂർ പ്രദേശത്ത്. ശിവകാശിയിൽ നിന്നും എത്തിക്കുന്ന പടക്കങ്ങളെകാൾ ഗുണമേന്മയും കാഴ്‌ച ഭംഗിയും ഒത്തുചേരുന്നതാണ് വെള്ളന്നൂരിലെ പടക്കങ്ങള്‍. ഇതുതന്നെയാണ് വെള്ളന്നൂർ പടക്കങ്ങളുടെ ഡിമാന്‍ഡ് കൂട്ടുന്നതും.