കോഴിക്കോട് : ബാലുശ്ശേരിക്ക് സമീപം നന്മണ്ടയിലെ വയലിൽ വൻതീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. മന്ത്യോട്, തോട്ടുങ്കര, അറപ്പവയൽ എന്നീ ഭാഗങ്ങളിലെ വയലുകളിലാണ് തീപിടിച്ചത്. തീപിടിത്തത്തിൽ വ്യാപകമായി കൃഷി നശിച്ചു.
പരിസരത്തെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിക്കുകയായിരുന്നു. ശക്തമായ കാറ്റിലും ചൂടിലും തീ പെട്ടന്ന് ആളിപ്പടർന്ന് തൊട്ടടുത്ത കൃഷിയിടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഏറെ വാഴകൃഷിയുള്ള സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ഉണങ്ങിയ വാഴയിലകൾക്ക് തീപിടിച്ചതോടെ വാഴകൾ മുഴുവനായും കത്തി നശിച്ചു.
വയലുകളിൽ നിന്നും പുക ഉയർന്നത് കണ്ട പരിസരവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തീ അണക്കാനായില്ല. തുടർന്ന് നരിക്കുനി ഫയർ യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൃഷിയിടത്തിൽ വ്യാപിച്ച തീ നിയന്ത്രണ വിധേയമാക്കിയത്.
കൃഷി നാശം സംഭവിച്ചതോടെ വലിയ നഷ്‌ടമാണ് പ്രദേശത്തെ കർഷകർക്ക് ഉണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.