തിരുവനന്തപുരം: പെറ്റ് ഷോപ്പിലെ തീപിടുത്തത്തില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന കിളികളും മത്സ്യങ്ങളും ചത്തു. ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വിഎസ് ഭവനിൽ ഷിബിൻ നടത്തുന്ന ബ്രദേഴ്‌സ്, പെറ്റ് ആന്‍ഡ് അക്കോറിയം ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. 35 പ്രാവ് , 26 ലൗ ബേർഡ് ഫിഞ്ചസ്, 20 ആഫ്രിക്കൻ ലൗ ബേർഡ്‌സ് തുടങ്ങി നൂറിലേറെ പക്ഷികളാണ് തീ പിടുത്തത്തില്‍ ചത്തത്. വില കൂടിയ നിരവധി മത്സ്യങ്ങളും ചത്തു. നാല് മുയലുകളെയും ഒമ്പത് പ്രാവുകളെയും ജീവനോടെ ലഭിച്ചു. എന്നാല്‍ ഇവയ്‌ക്ക് ജീവൻ നിലനിറുത്താൻ കഴിയുമോ എന്ന കാര്യം സംശയമാണ്.
മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിന്‍റെ ഉടമയാണ് തീപിടിച്ച വിവരം ഫയർഫോഴ്‌സിനെയും ഷിബിനെയും അറിയിക്കുന്നത്. കെട്ടിട ഉടമയായ അഭിലാഷിന്‍റെ വീടിനോട് ചേർന്നാണ് പെറ്റ് ഷോപ്പ്. അഭിലാഷിൻ്റെ വീട്ടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്ന് വീട്ടിലുള്ളവർ അസ്വസ്ഥരായി പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടയ്ക്ക് തീ പിടിച്ചത് കാണുന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്‌സ് പറയുന്നത്. തീപിടുത്തമുണ്ടായത് കടയുടെ ഇടത് ഭാഗത്തെ ഷട്ടറില്‍ നിന്നാണ്. അവിടെ വൈദ്യുത വയറുകൾ ഒന്നും തന്നെയില്ല എന്നത് തീ പിടുത്തത്തിന്‍ അസ്വഭാവികത ജനിപ്പിക്കുന്നതാണ്. പുറത്തുള്ള വായു അകത്ത് കയറാനായി കടയുടെ ഷട്ടർ മുക്കാൽ ഭാഗം അടച്ച ശേഷം നെറ്റിട്ട ഗേറ്റ് അടച്ചിടുന്നതാണ് പതിവെന്ന് ഷിബിൻ പറഞ്ഞു.
കട അടച്ചു പോകുമ്പോൾ ലൈറ്റുകളും മറ്റ് അനുബന്ധ ഉപകരങ്ങളും വിച്ഛേദിച്ച ശേഷമാണ് പോകാറുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീപിടിച്ചിടത്ത് മുൻവശത്തെ മത്സ്യ ടാങ്കിലെ ഓക്‌സിജൻ്റെ ഹോസ് മാത്രമാണ് വരുന്നതെന്ന് ഷിബിന്‍ പറഞ്ഞു. തീപിടിച്ച ഭാഗത്ത് നിന്നും ഇവർ ഉപയോഗിക്കാത്ത ഹോസു പോലത്തെ കരിഞ്ഞ പ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു.