കോഴിക്കോട്: പെരുവയലിൽ വൻ തീപിടിത്തം. തെങ്ങും വാഴയും കത്തി നശിച്ചു. പൂവാട്ടുപറമ്പിന് സമീപം കോളായിതാഴം വയലിലാണ് തീപിടത്തമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
ആറ് ഏക്കർ വയലിൽ പടർന്നു പിടിച്ച പുല്ലിലാണ് തീപിടിച്ചത്. കൃഷി ചെയ്യുന്നതിന് വേണ്ടി വയലിലെ പുല്ല് വെട്ടി കൂട്ടിയിട്ടതായിരുന്നു. പുല്ലിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ശക്തമായ കാറ്റിലും ചൂടിലും തീ വയലിലാകെ ആളിപ്പടർന്നു. പരിസരത്തെ തെങ്ങുകളും വാഴയടക്കമുള്ള കൃഷികളും കത്തി നശിച്ചു. തീപിടിത്തത്തിൽ വയലിലെ നിരവധി പാമ്പുകളും ആമകളും മറ്റ് ജീവികളും ചത്തു.
തുടർന്ന് നാട്ടുകാർ ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റും ടിഡിആർഎഫും ചേർന്നാണ് തീ അണച്ചത്. വയലിലേക്ക് ഫയർ യൂണിറ്റിന്‍റെ വാഹനം എത്തിക്കാൻ സാധിക്കാത്തത് തീ അണയ്ക്കുന്നതിന് പ്രയാസമുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഫയർ യൂണിറ്റ് അംഗങ്ങളുടെയും ടിഡിആർഎഫിന്‍റെയും നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാനായത്. വൈകുന്നേരം നാല് മണിയോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
വെള്ളിമാടുകുന്ന് ഫയർ സ്‌റ്റേഷൻ ഓഫിസർ റോബി വർഗീസ്, ഗ്രേഡ് അസിസ്‌റ്റന്‍റ് ഫയർ ഓഫിസർ അബ്‌ദുൽ ഫൈസി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷൈബിൻ, മനു പ്രസാദ്, കെ ടി നിഖിൽ, സുബിൻ, സിന്തിൽകുമാർ, സിപി സുധീർ, മനോജ്, ജിതിൻ തുടങ്ങിയവരാണ് തീയണക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. കൂടാതെ ടിഡിആർഎഫിന്‍റെ 25 ഓളം വളണ്ടിയർമാരും തീയണക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.