കോഴിക്കോട്: ചാത്തമംഗലം മലയമ്മയിൽ കൊപ്ര ചേവിന് തീപിടിച്ചു. നാരകശ്ശേരി സ്വദേശി ജബ്ബാറിന്‍റെ ഉടമസ്ഥതയിലുള്ള കൊപ്ര ചേവിനാണ് തീ പിടിച്ചത്. ഇന്നലെ (സെപ്‌റ്റംബർ 2) രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൊപ്ര ഉണക്കുന്നതിന് വേണ്ടി ചേവിനടിയിൽ തീയിട്ട സമയത്ത് കൊപ്ര ചേവിന്‍റെ തട്ടിലേക്കും കെട്ടിടത്തിന്‍റെ മേൽക്കൂരയിലേക്കും തീ ആളിപ്പടരുകയായിരുന്നു.
അപകട വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ സ്‌റ്റേഷനിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് സ്ഥലത്തെത്തുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ അണയ്ക്കുകയും ചെയ്‌തു. തീപിടിത്തം ഉണ്ടായ സമയത്ത് ആറായിരത്തോളം കൊപ്ര ചേവിന് മുകളിൽ സൂക്ഷിച്ചിരുന്നു. ഇതിൽ പകുതിയിലധികം കത്തി നശിച്ചു. കൂടാതെ കെട്ടിടത്തിന്‍റെ മേൽക്കൂരയും കത്തി നശിച്ചിട്ടുണ്ട്.
തീ അണയ്ക്കുന്നതിന് മുക്കം ഫയർസ്‌റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂർ, ഗ്രേഡ് എ എസ് ടി ഒ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ വി സലീം, സി പി നിഷാന്ത്, ആർ മിഥുൻ, എം നിസാമുദ്ദീൻ, ജി ആർ അജേഷ് ,
സജിത്ത് ലാൽ, പി സനീഷ്, ചെറിയാൻ, ഹോം ഗാർഡ് മാരായ ചാക്കോ ജോസഫ്, ടി രവീന്ദ്രൻ എന്നിവരാണ് നേതൃത്വം നൽകിയത്.
Also Read: മലപ്പുറം ചെമ്മാട് വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടിത്തം; ആളപായമില്ല