കോഴിക്കോട്: കളഞ്ഞു കിട്ടിയ പേഴ്‌സില്‍നിന്ന് പിഴത്തുകയും തപാല്‍ചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്തു. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്‌ച മുമ്പാണ് കീഴരിയൂർ മണ്ണാടിമേല്‍ സ്വദേശിയായ വിപിൻ രാജിൻ്റെ പേഴ്‌സ് നഷ്‌ടപ്പെട്ടത്.
ഓട്ടോ ഡ്രൈവറായ വിപിൻ മേപ്പയൂർ ഭാഗത്ത് ഓട്ടോയുമായി പോയപ്പോഴാണ് പോക്കറ്റില്‍ നിന്നും പേഴ്‌സ് എവിടെയോ വീണുപോയത്. 530 രൂപയും ആധാർ കാർഡും എടിഎം കാർഡും ഉള്‍പ്പെടെയുള്ള രേഖകളും പേഴ്‌സില്‍ ഉണ്ടായിരുന്നു. ഇതൊന്നും ഇനി തിരിച്ചു കിട്ടില്ലെന്ന് കരുതി ആകെ വിഷമിച്ചിരിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പോസ്റ്റുമാൻ ഒരു
തപാലുമായി വന്നത്.
ഒരു കവറില്‍ പേഴ്‌സില്‍ ഉണ്ടായിരുന്ന സാധനങ്ങളും കൂടെ ഒരു കത്തുമാണ് കിട്ടിയത്.
മൊത്തം തുക 530 രൂപ ഉണ്ടായിരുന്നു. 500 രൂപ പേഴ്‌സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാല്‍ചാർജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെല്‍റ്റ് ഇടാതെ കാർ ഓടിച്ചാലും ഫൈൻ ഈടാക്കും. അവനവൻ്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈൻ ഈടാക്കുന്നത്. ഇത് ഒരു പാഠം ആകണം. ഇത് ചെയ്‌തില്ലെങ്കില്‍ താങ്കള്‍ ഇനിയും സൂക്ഷിക്കില്ല. ഇതായിരുന്നു കത്തിൽ.
കത്ത് വായിച്ച് ആദ്യം അന്തം വിട്ടെങ്കിലും ഇപ്പോൾ ഇങ്ങനെയൊരു കത്ത് കിട്ടിയതിൻ്റെ കൗതുകത്തിലും എടിഎം കാർഡ് ഉള്‍പ്പടെയുള്ള രേഖകള്‍ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലുമാണ് വിപിൻ. ഒപ്പം 500 രൂപ ഫൈൻ ഈടാക്കിയെങ്കിലും വിലപ്പെട്ട രേഖകൾ തിരിച്ചുതരാൻ നല്ല മനസു കാണിച്ചയാളെ വിപിൻ നന്ദിയോടെ സ്‌മരിക്കുന്നുണ്ട്.
ALSO READ: നിരോധന ഉത്തരവ് മറികടന്നു, കയ്യേറ്റഭൂമിയില്‍ സിപിഐയുടെ പാര്‍ട്ടി ഓഫിസ്