പത്തനംതിട്ട : നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍. തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്‍റെ ഉടമയും കുടുംബവുമാണ് അറസ്റ്റിലായത്.
എൻഎം രാജു, ഭാര്യ ഗ്രേസ് രാജു, മക്കള്‍ അലൻ ജോർജ്, ആൻസണ്‍ ജോർജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവര്‍ക്കെതരിരെ 20-ല്‍ അധികം കേസുകള്‍ നിലവില്‍ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം) മുൻ ജില്ല പ്രസിഡന്‍റ് ആണ് എൻഎം രാജു.
നെടുംപമ്പിൽ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തിന് സംസ്ഥാനത്ത് 152 ശാഖകള്‍ ഉണ്ട്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസമായി സ്ഥാപനം പ്രതിസന്ധിയില്‍ ആണ്.
കാലാവധി പൂർത്തിയായിട്ടും ആളുകള്‍ക്ക് നിക്ഷേപം തിരികെ നല്‍കിയില്ല. തിരുവല്ല, പുളിക്കീഴ് സ്റ്റേഷനുകളില്‍ ആയി നിക്ഷേപ തട്ടിപ്പില്‍ 16 കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ബഡ്‌സ് ആക്റ്റ് ഉള്‍പ്പെടെ ചുമത്തിയാണ് എഫ്‌ഐആർ. വസ്‌തു വകകള്‍ വിറ്റ് മുഴുവൻ പേർക്കും പണം തിരികെ നല്‍കുമെന്നാണ് സ്ഥാപന ഉടമ പറയുന്നത്. എന്നാൽ സ്ഥാപന ഉടമയും കുടുംബവും അറസ്റ്റിലായതോടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുന്നുണ്ട്.
കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി നൂറ് കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എന്‍എം രാജു നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്. അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മലയാളികളില്‍ നിന്നാണ് നെടുംപറമ്പിൽ സിന്‍ഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. നെടുംപറമ്പില്‍ ഫിനാന്‍സ്, നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.
നെടുംപറമ്പില്‍ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങൾക്കും വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കും പുറമെ വാഹന വില്‍പന ഷോറൂമുകളും ഉണ്ട്. നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ചെറിയ തുകകള്‍ ഉള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി പണം തിരികെ നല്‍കി വരികയായിരുന്നു.
അതിനിടെ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളില്‍ പരാതി എത്തുകയും കേസെടുക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Also Read : പത്തനംതിട്ടയിൽ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് ; സ്ഥാപനം പൂട്ടി നാലംഗ കുടുംബം മുങ്ങി