തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കുന്നതിനുള്ള ബിജെപിയുടെ ഉപാധിയായ ഇഡി അന്വേഷണം ഇങ്ങ് കേരളത്തിലെത്തുമ്പോള്‍ ഒതുങ്ങുന്നത് ഉദ്യോഗസ്ഥരിലേക്കും ചെറു മീനുകളിലേക്കും മാത്രമെന്നാരോപണം. കേരളത്തില്‍ സമീപകാലത്ത് ഇഡി ഏറ്റെടുത്ത പ്രമാദമായ കേസുകള്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ സ്വര്‍ണക്കടത്തു കേസും ലൈഫ് മിഷന്‍ ഫ്‌ളാറ്റ് കേസുമാണ്.
നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയെന്നതാണ് കേസ്. കേരളത്തിലെ ഭരണ കക്ഷിയിലേക്ക്, പ്രത്യേകിച്ച് സിപിഎമ്മിലേക്കും മുഖ്യമന്ത്രി പിണറായി വിജയനിലേക്കും വരെ ആരോപണം നീണ്ടതും വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയതുമായ കേസില്‍ അന്വേഷണം ഇഡി ഏറ്റെടുത്തെങ്കിലും അറസ്‌റ്റിലായതും ചോദ്യം ചെയ്യലിന് വിധേയമാക്കിയതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിങ്ങനെ ഏതാനും പേരെ മാത്രമാണ്. തിരുവനന്തപുരത്തെ ദുബായ് കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷും മറ്റൊരു ജീവനക്കാരനായിരുന്ന ശരത്, സന്ദീപ് നായര്‍, ഇവരുടെ സഹായി റമീസ് എന്നിവരും പിടിയിലായി. ചോദ്യം ചെയ്‌ത ശേഷം ഇവരെ ജയിലിലടയ്ക്കുകയും ചെയ്‌തു.
പുലിയെ എലിയാക്കിയ ഇഡി അന്വേഷണം
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജില്‍ നിന്ന് ഏകദേശം 14.82 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം കസ്‌റ്റംസും ഇന്‍കം ടാക്‌സും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതോടെയാണ് നയതന്ത്ര ചാനല്‍ മറയാക്കി പല തവണ ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വര്‍ണവും കേരളത്തില്‍ നിന്ന് ദുബായിലേക്ക് ഡോളറും കടത്തിയെന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. സ്വാഭാവികമായും രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് കൂടി നീളേണ്ടിയിരുന്ന ആ അന്വേഷണം പക്ഷേ ആ വഴിക്കു നീങ്ങിയില്ല. കേരളത്തില്‍ മാത്രം എന്തുകൊണ്ടിങ്ങനെയെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയേണ്ടത് അന്വേഷണ ഏജന്‍സികളല്ല, അവരെ നിയന്ത്രിക്കുന്ന ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണ്.
ലൈഫ് മിഷന്‍ കോഴക്കേസ്; രാഷ്ട്രീയക്കാരെ തലോടിയ മറ്റൊരു ഇഡി അന്വേഷണം
സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് പാലാഴി മഥനം രോലെ പുറത്തേക്കു ചാടിയ മറ്റൊരു അഴിമതിക്കേസാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസ്. 2018ലെ മഹാപ്രളയ കാലത്ത് വീട് നഷ്‌ടപ്പെട്ടവര്‍ക്ക് 144 അപ്പാര്‍ട്ട്മെന്‍റുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് ദുബായ് ആസ്ഥാനമായ റെഡ് ക്രസന്‍റുമായി 20 കോടിയുടെ കരാറില്‍ ലൈഫ് മിഷന്‍ ഏര്‍പ്പെട്ടു. ഇതിന്‍റെ കരാര്‍ ലഭിച്ച യുണീടാക് കമ്പനിയുടെ ഉടമയായ സന്തോഷ് ഈപ്പന്‍ കരാര്‍ ലഭിക്കാന്‍ 40 ശതമാനത്തോളം കരാര്‍ തുക കോഴയായി നല്‍കിയെന്ന കേസാണിത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയായിട്ടും ഈ കേസിലും പ്രതിയായി ജയിലില്‍ പോയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍ മാത്രമാണ്. അന്വേഷണം രാഷ്ട്രീ നേതൃത്വത്തിലേക്ക് ഇഡി നീട്ടിയില്ല. ഇവിടെയാണ് പ്രതിപക്ഷം ബിജെപി-സിപിഎം ഒത്തു തീര്‍പ്പാരോപണം ഉന്നയിക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ്
പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഏകദേശം 300 കോടിയോളം രൂപയുടെ വായ്‌പ തട്ടിപ്പു നടന്നുവെന്നായിരുന്നു പരാതി. വിശദ അന്വേഷണത്തില്‍ 219 കോടിയുടെ തട്ടിപ്പെന്നു തെളിഞ്ഞു. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് ഇഡി ഏറ്റെടുത്തെങ്കിലും സിപിഎം ഉന്നത നേതാക്കള്‍ക്കു പങ്കുള്ള കേസ് ഇപ്പോഴും വഴിയില്‍ തന്നെ. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തതൊഴിച്ചാല്‍ കേസില്‍ കാര്യമായൊന്നും ചെയ്യാന്‍ ഇഡിക്കായില്ല
കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ്
സിപിഐ നേതാവ് ഭാസുരാംഗന്‍ പ്രതിയായ 100 കോടിയുടെ ക്രമക്കേട് നടന്ന തിരുവനന്തപുരം കണ്ടലയിലെ സഹകരണ ബാങ്ക് തട്ടിപ്പു കേസ് ഇഡി ഏറ്റെടുത്തു. ഈ കേസില്‍ ബാങ്ക് പ്രസിഡന്‍റ് ഭാസുരാംഗനെയും മകനെയും ഇഡി അറസ്‌റ്റ് ചെയ്‌തു. എന്നാല്‍ ഭാസുരാംഗനാകട്ടെ സിപിഐ ജില്ലാ കമ്മിറ്റി അംഗം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Also Read:വീണ വിജയനെതിരായ മാസപ്പടി കേസ് : അന്വേഷണം ആരംഭിച്ച് ഇഡി - ED CASE ON MONTHLY QUOTA
എക്‌സാലോജികിലെ ഇഡി അന്വേഷണത്തിന്‍റെ ഭാവിയെന്ത്?
മുഖ്യമന്ത്രിയുട മകള്‍ വീണാ വിജയന്‍ സേവനം നല്‍കാതെ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നു ചൂണ്ടിക്കാട്ടി ആരംഭിച്ച ഇഡി അന്വേഷണത്തിന് ഇതുവരെയുള്ള മറ്റു കേസുകളുടെ ഗതിയാകുമോ അതോ ഗൗരവ അന്വേഷണമാകുമോ എന്ന് കാത്തിരുന്നു കാണുക തന്നെ.