കോഴിക്കോട്: കൃഷിയെ കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നയിടങ്ങളാണ് ഫാം ഹൗസുകള്‍. കൃഷിയകന്ന ഇക്കാലത്ത് ഏതൊരാൾക്കും കൃഷി ചെയ്യുന്നതിനുള്ള അറിവുകള്‍ ഫാം ഹൗസുകളില്‍ നിന്നും ലഭിക്കും. അത്തരത്തിലൊരു ഫാം ഹൗസുണ്ട് കൂടരഞ്ഞി കുളിരാമുട്ടിയിൽ, മണിമലത്തറപ്പിൽ ഫാംസ്റ്റഡ്.
പാരമ്പര്യ തെങ്ങ് കർഷകനായ മണിമലത്തറപ്പിൽ രാജേഷാണ് ഇവിടെ ഫാം ഹൗസ് ഒരുക്കിയിട്ടുള്ളത്. ജില്ല പഞ്ചായത്തിന്‍റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷി ഭവന്‍റെയും സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. ഇന്ന് ജില്ലയിലെ തന്നെ മികച്ച ഫാം ഹൗസ് പദ്ധതിയാണ് മണിമലത്തറപ്പിലേത്. ഹരിതാഭമായ സമഗ്ര കൃഷിയിടമാണ് ഇവിടത്തേത്.
കുരുമുളകിന്‍റെ പത്തിലധികം വെറൈറ്റികളും എട്ട് വ്യത്യസ്‌തയിനം തെങ്ങുകളുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കൂടാതെ പലവിധത്തിലുള്ള മാവുകളും കവുങ്ങുകളും പ്ലാവുകളും ഈ കൃഷിയിടത്തിലുണ്ട്. പച്ചമുളകുകളുടെ വലിയ ശേഖരം തന്നെയുണ്ട് മണിമലത്തറപ്പിൽ. ഇവിടുത്തെ പാഷൻ ഫ്രൂട്ടുകളും മൾബറിയും ആരെയും ആകർഷിക്കും. അപൂർവ്വയിനം ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ് ഈ കൃഷിഭൂമി.
ദിനംപ്രതി നിരവധി പേരാണ് ഫാം സന്ദര്‍ശിക്കാനെത്തുന്നത്. കൃഷിയിടം കാണാനെത്തുന്നവര്‍ക്ക് കൃഷിയെ കുറിച്ചുള്ള അറിവുകൾ പകർന്ന് നൽകാറുമുണ്ട് രാജേഷ്. അത്യുൽപാദനശേഷിയുള്ള വിവിധയിനം തൈകളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
നഷ്‌ട കണക്ക് ചൂണ്ടിക്കാട്ടി പലരും കൃഷിയിൽ നിന്നും അകന്ന് പോകുമ്പോൾ കൃഷിയെ എങ്ങനെ മികച്ചതാക്കാം എന്നതിൻ്റെ തെളിവാണ് കൂടരഞ്ഞി കുളിരാമുട്ടി മണിമലത്തറപ്പിൽ ഫാം സ്റ്റഡ് പദ്ധതി.