പത്തനംതിട്ട : തലമുറകളായി കൈവശമുള്ള ഭൂമിക്ക് മേൽ അവകാശമില്ലാത്തതിനെ തുടർന്ന് തുടർച്ചായായ ആറാം വർഷവും തിരുവോണനാളിൽ പട്ടിണിസമരത്തിൽ കർഷകർ. റാന്നി പൊന്തൻപുഴയിലെ കർഷകരാണ് പട്ടിണിസമരം നടത്തുന്നത്. തലമുറകളായി കൈമാറി വന്ന ഭൂമിയിൽ കയ്യേറ്റക്കാരെപ്പോലെ കഴിയേണ്ടിവരുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കാനാകും എന്നാണ് പൊന്തൻപുഴ സമരസമിതി പ്രവർത്തകരുടെ ചോദ്യം.
രാജഭരണ കാലം മുതൽ വലിയകാവ് പൊന്തൻ പുഴ പ്രദേശങ്ങളിൽ താമസിച്ച് വരുന്ന, 1200 കുടുംബങ്ങളുടെ കൈവശഭൂമി, വനഭൂമി എന്ന് തെറ്റായി രേഖപ്പെടുത്തിക്കൊണ്ട്, ചില ഉദ്യോഗസ്ഥർ വരുത്തിയ മനപ്പൂർവമായ പിഴവിനെതിരെ, നീണ്ട 2400 ദിവസങ്ങളായി പ്രദേശവാസികൾ സമരത്തിലാണ്. തിരുവോണ നാളിൽ കേരളത്തിൽ എല്ലാവരും വിഭവസമൃദ്ധമായ ഓണം ഉണ്ണുമ്പോൾ പതിവ് പോലെ ആറാം വർഷവും പത്തനംതിട്ട കലക്ട്രേറ്റിന് മുന്നിൽ ഇലയിട്ട് മണ്ണ് വിളമ്പി ഉണ്ണാവ്രതമിരുന്നാണ് സമരസമിതിയുടെ പ്രതിഷേധം.
വിജ്ഞാപന പ്രകാരമുള്ള 1771 ഏക്കർ വനഭൂമി വനംവകുപ്പിൻ്റെ ജണ്ടകൾക്കുള്ളിൽ സുരക്ഷിതമായുണ്ടെന്ന് സംയുക്ത സർവേയിലൂടെ ബോധ്യപ്പെട്ടിട്ടും ജണ്ടകൾക്ക് പുറത്തുള്ള 512 കർഷക കുടുംബങ്ങളുടെ ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററിൽ വനഭൂമി എന്ന് രേഖപ്പെടുത്തിയത് തിരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല.
പെരുമ്പെട്ടി വില്ലേജിൽ പ്രഖ്യാപിച്ച ഡിജിറ്റൽ റീ സർവേ ഇപ്പോൾ നിലച്ച മട്ടാണെന്നും സർവേ അടിയന്തരമായി പൂർത്തിയാക്കണമെന്നും സമരസമിതി കൺവീനർ ജെയിംസ് കണ്ണിമല ആവശ്യപ്പെട്ടു. പട്ടയഭൂമിക്ക് മേൽ റിസർവ് ഫോറസ്റ്റ് എന്ന് ചേർക്കുകയും വനഭൂമിയെ റിസർവ് ഫോറസ്റ്റ് എന്ന് ചേർക്കാതിരിക്കുകയും ചെയ്യുന്ന വൈചിത്ര്യം തിരുത്താൻ അധികാരികൾ തയാറാകണമെന്നും ജെയിംസ് കണ്ണിമല ആവശ്യപ്പെട്ടു.