ഇടുക്കി: കാട്ടാന ശല്യം തടയാൻ വനാതിർത്തിയിൽ സ്വന്തമായി ട്രഞ്ച് നിർമിച്ച് കർഷകൻ. ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി സ്വദേശി കെ.സി നാരായണനാണ് കാട്ടാനയെ പ്രതിരോധിക്കാൻ വനാതിർത്തിയോട് ചേർന്നുള്ള സ്വന്തം കൃഷിയിടത്തിൽ ട്രഞ്ച് നിര്‍മിച്ചത്. 200 മീറ്ററോളം നീളത്തിലാണ് ട്രഞ്ചിന്‍റെ നിര്‍മാണം.
കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലയായ ഇവിടെ വനം വകുപ്പ് നേരത്തെ ട്രഞ്ച് നിർമിച്ചിരുന്നു. എന്നാൽ കൃഷിയിടത്തിലെ തോടിൻ്റെ നീരൊഴുക്ക് തടസപ്പെടാതിരിക്കാന്‍ ഈ ഭാഗം ഒഴിവാക്കി. പകരം സോളാര്‍ വേലി സ്ഥാപിക്കുകയായിരുന്നു. സംരക്ഷണമില്ലാത്തതിനാല്‍ പിന്നീട് വേലി ഉപയോഗ ശൂന്യമായി. ഇതോടെ കൃഷിയിടം സംരക്ഷിക്കാന്‍ നാരായണന്‍ കമ്പിവേലി കെട്ടി. എന്നാല്‍ ഇതും തകര്‍ത്ത് കാട്ടാന കൃഷിയിടത്തിലെത്തി.
കാട്ടാനകള്‍ കൂട്ടത്തോടെ എത്തി കൃഷിയിടത്തിലെ തെങ്ങ് ഉള്‍പ്പെടെയുള്ളവ വ്യാപകമായി നശിപ്പിച്ചു. കാട്ടാന ശല്യം രൂക്ഷമായതോടെയാണ് സ്വന്തമായി ട്രഞ്ച് നിര്‍മിക്കാന്‍ നാരായണന്‍ തീരുമാനിച്ചത്. മണ്ണു മാന്തി യന്ത്രം സ്ഥലത്തെത്തിച്ചാണ് സ്വന്തമായി ട്രഞ്ച് നിര്‍മിച്ചത്.
ഇതിനായി വനം വകുപ്പിന്‍റെ അനുമതി തേടിയിരുന്നു. തോട്ടിലെ നീരൊഴുക്ക് തടസപ്പെടാത്ത രീതിയിലാണ് ട്രഞ്ച് നിര്‍മിച്ച് തന്‍റെ എട്ടര ഏക്കര്‍ കൃഷിയിടം നാരായണന്‍ സംരക്ഷിക്കുന്നത്. മുൻ പഞ്ചായത്ത് അംഗവും പ്രമുഖ ആദിവാസി-വന സംരക്ഷണ പ്രവർത്തകനുമാണ് കെ.സി നാരായണൻ.