കണ്ണൂർ: ഷിരൂരിൽ കാണാതായ അർജുനെ കാത്തിരുന്ന പോലെ ഒരു മകന് വേണ്ടി കണ്ണീർ വാർത്ത് കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട് കണ്ണൂരിൽ. 26 വയസുള്ള മകൻ എന്ന് തിരിച്ചു വരുമെന്നറിയാതെ കാത്തിരിക്കുകയാണിവർ. കണ്ണൂർ ഇരിക്കൂർ മണ്ഡലത്തിലെ കരുവഞ്ചാലിലെ അമൽ കെ സുരേഷ് വലിയ സ്വപ്‌നങ്ങളുമായാണ് മുംബൈയിൽ എത്തിയത്.
10 ലക്ഷം രൂപ ചെലവാക്കി 9 മാസത്തെ എക്‌സ്‌പീരിയൻസ് പൂർത്തിയാക്കിയാൽ നല്ല കപ്പലിൽ തനിക്കേറെ ഇഷ്‌ടപ്പെട്ട ജോലി ചെയ്യാം എന്നതായിരുന്നു അമലിന്‍റെ സ്വപ്‌നം. ഇതിനായി മറൈൻ എഞ്ചിനീയറിങ് പഠിച്ചു. ജോലിയെന്ന സ്വപ്‌നവുമായി ഷാർജ വഴി ഇറാനിലേക്ക് തിരിച്ചു. യാത്രയിൽ അമലിന്‍റെ കൂടെ ഉണ്ടായത് തൃശൂർ സ്വദേശി ഹനീഷ് .
2024 ഓഗസ്റ്റ് 29 നാണ് അവസാനമായി അമൽ തന്‍റെ അമ്മയെയും അച്ഛനെയും ഫോണിൽ വിളിച്ചത്. ഓണത്തിന് തീർച്ചയായും നാട്ടിൽ എത്തുമെന്നും ഓണസദ്യ നാട്ടിൽ ആകാമെന്നും അമൽ പറഞ്ഞെങ്കിലും ആ സദ്യ ഉണ്ണാൻ മകൻ ഇന്നും വീട്ടിൽ എത്തിയിട്ടില്ല എന്ന് അച്ഛൻ കെ കെ സുരേഷ് പറയുന്നു.
എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല. കൃത്യമായി പറഞ്ഞാൽ ഇറാനിയൻ ഷിപ്പ് എഗ്രിമന്‍റ് പ്രകാരം 2024 ജനുവരി 11 നാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഒക്ടോബർ 21 എഗ്രിമന്‍റ് തീരാനിരിക്കെ അമലിന്‍റെ കുടുംബത്തിന് കാത്തിരിപ്പ് മാത്രം ബാക്കിയാകുകയാണ്. കപ്പൽ മറിഞ്ഞതാണോ...? മറ്റു രാജ്യങ്ങളുടെ ആക്രമണമാണോ...? എന്നിങ്ങനെ ചോദ്യങ്ങൾ നിരവധി ആണ്.
സ്വയം തൊഴിലിനു വേണ്ടി പോയ യുവാക്കൾ എവിടെ..? ഇറാൻ എന്നത് അത്ര സമാധാനം നില നിൽക്കുന്ന രാജ്യവും അല്ല. ഇസ്രയേലിന്‍റെ ആക്രമണം ആണോ? സംശയങ്ങൾ നിരവധിയാണ്.. കുവൈത്ത് എമ്പസയിൽ നിന്ന് ഡി എൻ എ ആവശ്യപെട്ട് വിളിച്ച ദിനങ്ങൾ ഓർത്തെടുക്കുമ്പോൾ ഭയം കൂടുകയാണ് സുരേഷിന്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ ബന്ധപ്പെട്ടു. സ്ഥലം എംപി കെ.സുധാകരനെയും എംഎൽഎ സജീവ് ജോസഫിനെയും മന്ത്രിമാരെയും വിളിച്ചു പരാതി നൽകി. മകനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷേ എന്തു സംഭവിച്ചു എന്നതിന് ഉത്തരം അകലെയാണ്. തിരിച്ചു വരുമോ എന്നും അറിയില്ല. ഹനീഷും അമലും കേരളത്തിന്‍റെ മക്കളാണ്. അവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഫലം ഉണ്ടാകുമോ...?