മലപ്പുറം: ഗിന്നസ് റെക്കോര്‍ഡ് തന്നെ ഒരു സംഭവമാണ്. ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കല്‍ പതിവാക്കിയ ആളുകളും ഞെരിപ്പാണ്. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഗിന്നസ് റെക്കോര്‍ഡുകാരായാലോ. അത്തരമൊരു കുടുംബമുണ്ട് മലപ്പുറത്ത്. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഗിന്നസ് ഫാമിലിയെന്ന നേട്ടം കൈവരിക്കാന്‍ മഞ്ചേരി സ്വദേശിയായ സലീമും കുടുംബവും കൈക്കൊണ്ട മാര്‍ഗങ്ങളും തെരഞ്ഞെടുത്ത ചാലഞ്ചുകളും കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഇനിയിപ്പോള്‍ ഇന്ത്യൻ റെക്കോര്‍ഡിനുമപ്പുറം ലോകത്തിൻ്റെ തന്നെ ഗിന്നസ് ഫാമിലി എന്ന റെക്കോഡിലേക്കുള്ള തയാറെടുപ്പിലാണ് മലപ്പുറം സ്വദേശി സലിം പടവണ്ണയും കുടുംബവും.
കൈ കൊണ്ട് തൊടാതെ വായ കൊണ്ട് തൊലി നീക്കി പഴം കഴിക്കാനാവുമോ? മഞ്ചേരിക്കാരന്‍ സലീമിന് ഇതൊന്നും ഒന്നുമല്ല. 9 ഇഞ്ച് നീളവും 135 ഗ്രാം തൂക്കവും വരുന്ന വാഴപ്പഴം കൈ തൊടാതെ 17.82 സെക്കന്‍ഡില്‍ കഴിച്ച് തീര്‍ത്താണ് സലീം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ മുത്തമിട്ടത്. ഇംഗ്ലണ്ട് സ്വദേശിയായ ലിയ ഷട്ട്‌കെവരിന്‍റെ 2021ലെ 20.33 സെക്കന്‍ഡ് റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം സലീമിന്‍റെ പേരിലായത്. നിരന്തരമായ കഠിന പ്രയത്നത്തിലൂടെയാണ് 'ദ ഫാസ്‌റ്റസ്‌റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാന്‍ഡ്' കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡെന്ന നേട്ടം സലീം സ്വന്തമാക്കിയത്. ഇടുക്കി പീരുമേടില്‍ വച്ച് നടന്ന ശ്രമത്തിലാണ് അദ്ദേഹം റെക്കോഡില്‍ മുത്തമിട്ടത്.
റെക്കോര്‍ഡ് തകര്‍ക്കലും തിരിച്ച് പിടിക്കലും: ഈ വര്‍ഷമാദ്യം കണ്ണൂര്‍ സ്വദേശിയായ ഫവാസ്, സലീമിന്‍റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 'ദ ഫാസ്‌റ്റസ്‌റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാന്‍ഡ്' എന്ന കാറ്റഗറിയില്‍ 9.7 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ഫവാസ് റെക്കോര്‍ഡ് തകര്‍ത്തത്. എന്നാല്‍ 2024 ജൂലൈ 30ന് നടന്ന മത്സരത്തില്‍ തനിക്ക് നഷ്‌ടപ്പെട്ട റെക്കോര്‍ഡ് സലീം വീണ്ടും തിരിച്ച് പിടിക്കുകയുമുണ്ടായി. 8.57 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് തന്‍റെ റെക്കോര്‍ഡ് വീണ്ടും സലീം കൈവെള്ളയിലാക്കിയത്. തന്നില്‍ നിന്നും നഷ്‌ടപ്പെട്ട റെക്കോര്‍ഡ് തിരിച്ച് പിടിക്കാനായത് വീണ്ടും സലീമിന് പ്രചോദനമായി. ഇതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സലീം വീണ്ടുമെത്തി.
2023 ലും ഗിന്നസ് നേട്ടം: പഴം കഴിച്ച് കൊണ്ട് മാത്രമല്ല വെള്ളം കുടിച്ചും റെക്കോര്‍ഡ് സൃഷ്‌ടിച്ചയാളാണ് സലീം. കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പിയുടെ നിപ്പിളിലൂടെ വെള്ളം കുടിക്കുന്ന ഇനത്തിലും സലീം നേട്ടം കൊയ്‌തു. 2023ലായിരുന്നു ആ വിജയം. 34.17 സെക്കന്‍റ് കൊണ്ട് 250 ലിറ്റര്‍ വെള്ളമാണ് സലീം നിപ്പിളിലൂടെ കുടിച്ച് മുന്നേറിയത്. 2023ല്‍ മലേഷ്യക്കാരന്‍റെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ആ നേട്ടം. വെള്ളം കുടി മാത്രമല്ല ചക്രം കൈയിലിട്ട് കറക്കുന്നതിലും നമ്പര്‍ വണ്ണായിരുന്നു സലീം. 30 സെക്കന്‍റില്‍ 151 തവണ ചക്രം കറക്കിയാണ് സലീം ലോക റെക്കോര്‍ഡിട്ടത്.
ഗിന്നസോ ഇതൊക്കെയെന്ത് ? ഗിന്നസ് നേട്ടമെന്നത് സലീമിന്‍റെ ഫാമിലിക്കൊരു പുതുമയല്ല. അതിന് കാരണം സലീമിന്‍റെ രണ്ട് മക്കളും ഗിന്നസ് നേട്ടക്കാരാണ്. തലയില്‍ കൈകള്‍ കോര്‍ത്ത് വച്ച് ഇടത് കൈമുട്ടും വലതു കാല്‍മുട്ടും അതുപോലെ വലത് കൈമുട്ടും ഇടത് കാല്‍മുട്ടും തട്ടത്തക്കവണ്ണത്തില്‍ ചുവട് വച്ചതിനാണ് മകള്‍ ജുവൈരിയ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. 54 ചുവടുകള്‍ വച്ചായിരുന്നു ജുവൈരിയയുടെ മുന്നേറ്റം. ഇതോടെ തകര്‍ന്നത് യൂറോപ്പില്‍ നിന്നുള്ള 16 ചുവടുകളുടെ റെക്കോര്‍ഡായിരുന്നു. 2024 മാര്‍ച്ചിലായിരുന്നു ജുവൈരിയയുടെ ഈ നേട്ടം.
ഒരാള്‍ മാത്രമല്ല സലീമിന്‍റെ മറ്റൊരു മകളായ ആയിഷ സുല്‍ത്താനയും ഗിന്നസ് റെക്കോര്‍ഡ് നേട്ടക്കാരി തന്നെയാണ്. ഏറ്റവും വേഗത്തില്‍ ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ പുസ്‌തകങ്ങള്‍ ക്രമീകരിച്ചായിരുന്നു സുല്‍ത്താനയുടെ മുന്നേറ്റം. 16.50 സെക്കന്‍റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് സുല്‍ത്താന റെക്കോര്‍ഡില്‍ മുത്തമിട്ടത്.
സലീമിന്‍റേത് ഒരു ഗിന്നസ് കുടുംബം: പിതാവും മക്കളുമെല്ലാം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയതോടെ ഒരു ഗിന്നസ് ഫാമിലിയായി മാറിയിരിക്കുകയാണിപ്പോള്‍ സലീമിന്‍റെ കുടുംബം. ഇനി ഭാര്യയെയും മരുമകളെയും കൂടി ഈ നേട്ടത്തിന് അര്‍ഹയാക്കണമെന്നാണ് സലീമിന്‍റെ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. മോസ്‌റ്റ് സ്‌റ്റെപ്പപ്പ് എന്ന കാറ്റഗറിയില്‍ മത്സരിക്കാനാണ് ഭാര്യ എംസി റഷീദ പരിശീലിക്കുന്നത്. അതേസമയം പുതിയ ഇനങ്ങളിലും സലീം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. തക്കാളി കട്ടിങ്ങിലാണ് പുതിയ പരീക്ഷണം.
നിലവില്‍ ഒരു മിനിറ്റില്‍ 24 തക്കാളി കട്ടിങ്ങാണ് റെക്കോര്‍ഡിലുള്ളത്. ഇത് തകര്‍ക്കാനുള്ള ശ്രമത്തിലാണ് സലീം. കപ്പ് കേക്ക് കൈ തൊടാതെ കുറഞ്ഞ സമയം കൊണ്ട് കഴിക്കാനും പരീശിലനം നടക്കുന്നുണ്ട്. മാത്രമല്ല റെക്കോര്‍ഡ് സ്വന്തമാക്കിയ ഇനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. അതിനായി ചക്രം കൈയിലിട്ട് കറക്കുക, 120 ഗ്രാം തൂക്കമുള്ള നേന്ത്രപ്പഴം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ എണ്ണം കഴിക്കുക എന്നിവയില്‍ പരീശീലനം നടത്തുന്നുണ്ട്.
ഗിന്നസിന്‍റെ 68 വര്‍ഷത്തെ ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ കേരളത്തില്‍ നിന്ന് നേട്ടം കൈവരിക്കുന്ന 65-ാമത്തെ വ്യക്തിയും മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നാമത്തെ വ്യക്തിയുമാണ് സലീം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാക്കളുടെ നേട്ടങ്ങള്‍ കേവലം വ്യക്തിപരം മാത്രമല്ലെന്നും ഇന്ത്യക്കാരുടെ ഓരോരുത്തരുടേതുമാണെന്നും വ്യക്തിഗത ഇനത്തില്‍ ഗിന്നസ് നേടിയവരുടെ സംഘടനയായ ഓള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരളയുടെ (ആഗ്രഹ്) സംസ്ഥാന പ്രസിഡന്‍റ് ഗിന്നസ് സത്താര്‍ ആദൂര്‍ പറഞ്ഞു. സലീമിന്‍റെ കഴിവ് രാജ്യത്തിന്‍റെ കഴിവു കൂടിയാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"നമ്മളെ മറ്റുള്ളവര്‍ കണ്ട് പഠിക്കുക.എന്നുവച്ചാല്‍ നമ്മളെ മറ്റുള്ളവര്‍ പഠനത്തിൻ്റെ ഭാഗമാക്കുക എന്നത് തന്നെ. അതൊരു അഭിമാനം തന്നെയാണ്. ഗിന്നസില്‍ കയറിക്കൂടണമെങ്കില്‍ ഗൗരവതരവും സാഹസികവും രസകരവുമായ ഇനങ്ങള്‍ പരീക്ഷിക്കണം. ഒന്നു പരിശ്രമിച്ചാല്‍ എല്ലാം സാധിക്കും." സലീം പറയുന്നു. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഗിന്നസ് ഫാമിലിയെന്ന ബഹുമതി മലപ്പുറത്തെ അച്‌ഛനും മക്കളും ഇങ്ങെടുത്തു.
Read More: യുപിയിലെ ആ കല്യാണ വീട്ടിലേക്ക് ഒരു മലയാളി പെണ്‍കുട്ടി എത്തിയതോടെ രംഗം മാറി; ശേഷം വരനും പിതാവും പൊലീസ് കസ്റ്റഡിയില്‍