കോഴിക്കോട്: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലുമായി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകന്‍റെ റിപ്പോർട്ടിന് പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് രൂക്ഷമാകുന്നു. ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുന്ന പ്രശാന്ത് മാസത്തിൽ പത്തു ദിവസം പോലും ഓഫിസിലെത്തയിട്ടില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. മാതൃഭൂമി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഇതിനുപിന്നാലെയാണ് ഇപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെയും മാതൃഭൂമിക്കെതിരെയും വിമര്‍ശനവുമായി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രശാന്ത് രംഗത്തെത്തിയത്. ചീഫ് സെക്രട്ടറിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്രശാന്ത് നടത്തി. ജയതിലകിനെ മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയെന്നാണ് പ്രശാന്ത് ഫേസ്ബുക്ക് കമന്‍റിലൂടെ അധിക്ഷേപിച്ചത്. ഇത് വിവാദമായതോടെ കമന്‍റ് പിൻവലിച്ചു.
മാതൃഭൂമിയെയും രൂക്ഷ ഭാഷയില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശിച്ചത്. സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന ഐഎസ് ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും തനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. മന്ത്രിയുടെ അനുമതിയോടെയും നിർദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ 'അദർ ഡ്യൂട്ടി' മാർക്ക് ചെയ്യുന്നതിനെ 'ഹാജർ ഇല്ല' എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്, ആ സമയത്ത് അവനവന്‍റെ ജോലി ചെയ്‌ത് കൂടെ എന്ന് ചോദിക്കുന്നില്ല.
തനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്‌തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് തനിക്ക് ഇഷ്‌ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്‌റ്റ് പങ്കുവയ്‌ക്കുമെന്നും അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹത് വ്യക്തിയാണ് ജയതിലകെന്നും പ്രശാന്ത് ഫേസ്‌ബുക്കില്‍ കുറിച്ചു. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്‌ണനെതിരെയും പ്രശാന്ത് എൻ ഐഎഎസ് രംഗത്തെത്തിയിരുന്നു. സ്വയം കുസൃതി ഒപ്പിച്ചു പരാതി പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടി വരുന്നുവെന്നും പ്രശാന്ത് വിമര്‍ശിച്ചിരുന്നു.
അതേസമയം, ഒരുവർഷത്തെ ഹാജർകണക്കു സഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രശാന്തിനെതിരെ റിപ്പോർട്ട് നല്‍കിയത്. സെക്രട്ടേറിയറ്റിലെ ഓഫിസിൽ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ലെന്നും, പലമാസങ്ങളിലും പത്തിൽ താഴെയാണ് ഹാജറെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓൺഡ്യൂട്ടി’ അപേക്ഷ നല്‍കിയതെന്നും, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നും ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ കത്തില്‍ വ്യക്തമാക്കുന്നു.
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി (കേരള എംപവര്‍മെന്‍റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ലെന്നാണ് പരാതി. ഉന്നതിയുടെ സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ എന്നിവയടക്കമുള്ളവയാണ് കാണാതായതെന്നും ഉന്നതിയുടെ പ്രവര്‍ത്തനം തന്നെ സ്‌തംഭിച്ച അവസ്ഥയിലാണെന്നും അഡീഷണല്‍ സെക്രട്ടറി ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.