തൃശൂർ : തൃശൂർ കുന്നംകുളത്ത് വ്യാജ ഡോക്‌ടർ പിടിയിൽ. ആസാം സ്വദേശിയും വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്നതുമായ 53 വയസുള്ള പ്രകാശ് മണ്ഡലാണ് പിടിയിലായത്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന റോഷ്‌നി ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്. ചികിത്സിക്കാൻ ആവശ്യമായ രേഖകളില്ലാതെ പൈൽസിനും ഫിസ്‌റ്റുലയ്ക്കും ചികിത്സ നടത്തിയതിനാണ് ഇയാളെ കുന്നംകുളം പൊലീസ് പിടികൂടിയത്.
കുന്നംകുളം സ്‌റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്‍റെ നിർദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്‌ടർ ജീഷിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. മേഖലയിൽ പൈൽസിനും ഫിസ്‌റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന് കുന്നംകുളം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്‌തുക്കളും പിടികൂടി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ALSO READ : ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ