കാസർകോട് : അമ്പലത്തറയിൽ വൻ കള്ളനോട്ട് വേട്ട. വിപണിയില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരത്തിന്‍റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി. അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്‌ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത് (7.25 Crore Fake Currency Seized).
വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. പൂജാമുറിയില്‍ നടത്തിയ തുടര്‍പരിശോധനയിലാണ് കൂടുതൽ നോട്ടുകള്‍ കണ്ടെത്താന്‍ സാധിച്ചത്. പാണത്തൂര്‍ പനത്തടിയിലെ അബ്‌ദുള്‍ റസാഖാണ് വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്. പാറപ്പള്ളിയിലെ ബാബുരാജാണ് വീട്ടുടമസ്ഥന്‍.
പൊലീസ് പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണ്. രണ്ട് ദിവസമായി ഇയാള്‍ നാട്ടിലില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈയിടെയാണ് പ്രതി ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുതുടങ്ങിയത്. അതുകൊണ്ട് ഇയാളെ കുറിച്ച് നാട്ടുകാര്‍ക്കും വലിയ അറിവൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
ALSO READ:കള്ള നോട്ട് അച്ചടി, 2 ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടികൂടി; 6 പേർ അറസ്‌റ്റിൽ
എന്നാല്‍ പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ പ്രതി നാട്ടിലെ വിവിധ പരിപാടികള്‍ക്കായി വലിയ തുകകള്‍ സംഭാവന നല്‍കിയിരുന്നതായും നാട്ടുകാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചതായും വിവരമുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.