'സ്വാതന്ത്ര്യ ദിനത്തില്‍ കാക്കയുടെ രാജ്യസ്നേഹം' എന്ന അടിക്കുറിപ്പില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഒരു വീഡിയോ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് മമ്പാട് ഗ്രാമപഞ്ചായത്തിലെ മാരമംഗലം അംഗൻവാടിയിലും മറ്റിടങ്ങളിലെ പോലെ തന്നെ സ്വാതന്ത്ര്യദിനാഘോഷം നടന്നിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അംഗൻവാടിയിലെ താത്കാലിക കൊടിമരത്തിലായിരുന്നു ദേശീയ പതാക ഉയര്‍ത്താൻ തീരുമാനിച്ചിരുന്നത്.
പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ കൊടിമരത്തില്‍ കുടുങ്ങി. ഇതിന് പിന്നാലെ, പറന്നുവന്ന ഒരു കാക്ക കൊടിമരത്തില്‍ വന്നിരുന്ന് പതാകയുടെ കുരുക്ക് മാറ്റാൻ സഹായിച്ചു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, ഇതിന്‍റെ സത്യാവസ്ഥ എന്താണ്...?
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അംഗൻവാടിയിലെ അധ്യാപിക തന്നെ. ദേശീയ പതാക ഉയര്‍ത്താൻ കാക്ക സഹായിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നാണ് അധ്യാപിക പറയുന്നത്.
അധ്യാപികയുടെ വാദം സാധൂകരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ആദ്യം വൈറലായ വീഡിയോ ചിത്രീകരിച്ചതിന് മറുവശത്ത് നിന്നുമെടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍, ദേശീയ പതാക കൊടിമരത്തില്‍ കുടുങ്ങുമ്പോള്‍ കാക്ക അംഗൻവാടിയ്‌ക്ക് പുറത്തായുള്ള ഒരു തെങ്ങിന്‍റെ ഓലയിലാണ് വന്നിരിക്കുന്നതെന്ന് വ്യക്തമാണ്.