തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെന്ന പരാമർശത്തിന് പിന്നാലെ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്നും, ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ അല്ല അഭിമുഖം നൽകിയതെന്നും കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്.
ആക്ഷേപിച്ചു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്‍മെന്‍റിന്‍റെ കീഴില്‍ നൃത്തം അവതരിപ്പിക്കാന്‍ നിരവധി അവസരം നൽകിയെന്നും സത്യഭാമ ഫേസ്ബുക് കുറിപ്പിൽ കുറിച്ചു. തന്നെ ആക്ഷേപിച്ചവർക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം. 66 വയസുള്ള സ്ത്രീയുടെ വാക്കാണെന്ന് കരുതി തള്ളിക്കളയണമായിരുന്നു. ചാനൽ ചർച്ചകളിൽപ്പോലും ക്ഷണിച്ചുവരുത്തി എത്ര ക്രൂരമായ തരത്തിലാണ് അധിക്ഷേപിച്ചതെന്നും സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്‌റ്റിന്‍റെ പൂർണരൂപം: 'DNA ന്യൂസ് മലയാളം' എന്ന ഓൺലൈൻ ചാനലിൽ ഞാൻ നടത്തിയ ഒരു പരാമർശമാണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം? ഞാൻ ജാതീയമായും വംശീയമായുമൊക്കെ ആക്ഷേപിച്ചു എന്ന തരത്തിലാണ് പലരും എന്‍റെ വാക്കുകളെ വളച്ചൊടിച്ചത്. എനിക്ക് ചില കാര്യങ്ങൾ കൂടി പറയാനുണ്ട്.
യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ വിധികർത്താവായിരുന്ന ഷാജിയുടെ ആത്മഹത്യയെക്കുറിച്ചായിരുന്നു പ്രധാനമായും ഞാൻ ആ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ, കലോത്സവത്തിലെ കള്ളക്കളികളെക്കുറിച്ചുള്ള പരാമർശം വിവാദമായില്ല. ആരും വിവാദമാക്കിയില്ല. നിങ്ങൾ ആ അഭിമുഖം പൂർണ്ണമായി കാണണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്.
ഞാൻ മാധ്യമങ്ങളോട് രൂക്ഷമായ തരത്തിൽ പ്രതികരിച്ചു എന്നാണല്ലോ പലരുടെയും ആരോപണം? ഞാനൊരു കാര്യം നിങ്ങളോട് ചോദിച്ചോട്ടെ.... 'നിങ്ങൾ എന്തെങ്കിലുമൊരു വിവാദത്തിൽ പെട്ടു എന്ന് കരുതുക. അതിരാവിലെ മാധ്യമപ്രവർത്തകർ എന്നുപറഞ്ഞ് ഒരുകൂട്ടമാളുകൾ നിങ്ങളുടെ വീട്ടിൽക്കയറി വന്ന്, നിങ്ങളോട് ഒരു കുറ്റവാളിയോട് പൊലീസ് പെരുമാറുന്ന രീതിയിൽ സംസാരിച്ചാൽ...നിങ്ങളെ പ്രകോപിപ്പിച്ചാൽ, നിങ്ങളാണെങ്കിൽ എങ്ങനെ പ്രതികരിക്കും? ഒരു സാധാരണ മനുഷ്യൻ ചെയ്യുന്നതേ ഞാനും ചെയ്‌തുള്ളൂ.
കൂട്ടത്തിൽ ഒരു മാധ്യമപ്രവർത്തകൻ എന്‍റെ അമ്മയ്ക്ക് വിളിച്ചു. അറുപത്തിയാറ് വയസ്സുണ്ട് എനിക്ക്. ആ എന്നെയാണ് ചില മാധ്യമപ്രവർത്തകർ വീട്ടിൽക്കയറി വന്ന് അധിക്ഷേപിച്ചത്. അതുകൊണ്ടാണ് കുറച്ച് രൂക്ഷമായ ഭാഷയിൽ എനിക്ക് പ്രതികരിക്കേണ്ടി വന്നത്. ഒരു മദ്യപാനിയോ തലയ്ക്ക് വെളിവില്ലാത്തയാളോ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ, ഞാനത് ഉൾക്കൊള്ളുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനോടാണെങ്കിൽ ഇവരിങ്ങനെ ചെയ്യുമായിരുന്നോ? ഞാൻ പറഞ്ഞത് പലർക്കും തെറ്റായി തോന്നിയേക്കാം. അതേക്കുറിച്ച് ഒടുവിൽ പറയാം.
ചാനൽ ചർച്ചകളിൽപ്പോലും എന്നെ ക്ഷണിച്ചുവരുത്തി എത്ര ക്രൂരമായ തരത്തിലാണ് അധിക്ഷേപിച്ചതെന്ന് നിങ്ങളും കണ്ടതാണല്ലോ?
ഞാൻ നടത്തിയ ഒരു പരാമർശത്തിന്, എന്തിനാണ് ചാനൽ ചർച്ചകളിൽ വന്നിരുന്ന 'മാന്യ സ്ത്രീകൾ' ഉൾപ്പെടെയുള്ളവർ എന്‍റെ കുടുംബകാര്യങ്ങളെയും, സ്വകാര്യതകളെയും വലിച്ചിഴച്ചത്? എന്തുകൊണ്ടാണ് അവതാരകർ അവരെ തടയാതിരുന്നത്? അപ്പോൾ, അതൊരു 'മൃഗയാവിനോദം' ആയിരുന്നില്ലേ? എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമല്ലേ നമ്മുടേത്? അതോ, ആ അഭിപ്രായ സ്വാതന്ത്ര്യം ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണോ?
ഇക്കഴിഞ്ഞ നാലഞ്ച് ദിവസങ്ങൾക്കിടയിൽ നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത, അതിക്രൂരമായ സൈബർ ആക്രമണങ്ങൾക്കാണ് ഞാൻ വിധേയയായത്. സ്വന്തം യൂട്യൂബ് ചാനലിന്‍റെ കാഴ്‌ചക്കാരെ വർധിപ്പിക്കാൻ എന്നെ കുറിച്ച് ഒന്നും അറിയാത്ത ചിലർ അസഭ്യം വിളിച്ചു പറയുന്നത് കണ്ടു, ഇവർക്കൊന്നും എന്നെകുറിച്ച് ഒന്നും അറിയാത്തവരാണ്. വായിൽ വെള്ളിക്കരണ്ടിയുമായിട്ടൊന്നുമല്ല ഞാൻ ജനിച്ചത്. കനൽ വഴികളിൽക്കൂടിയാണ് ഞാനിത്രയും കാലം നടന്നുവന്നത്. ഈ അറുപത്തിയാറാമത്തെ വയസ്സിലും നൃത്ത വിദ്യാലയം നടത്തിയാണ് ഞാൻ ജീവിതമാർഗ്ഗം കണ്ടെത്തുന്നത്. ആരുടെ മുന്നിലും ഒന്നിനും ഒരുനേരത്തെ ആഹാരത്തിന് പോലും കൈനീട്ടിയിട്ടില്ല ഇതുവരെ. ഇനിയതിന് താൽപ്പര്യവുമില്ല. ഞാൻ ആക്ഷേപിച്ചു എന്ന് നിങ്ങൾ അവകാശപ്പെടുന്ന ആ വ്യക്തിക്ക് ഗവണ്‍മെന്‍റിന്‍റെ കീഴിൽ നൃത്തം അവതരിപ്പിക്കാൻ ഞാൻ അവസരം നൽകിയിട്ടുണ്ട്.
എന്നെ അതിക്രൂരമായി ആക്ഷേപിച്ചവർ ഒരുനിമിഷം സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം... 'നിങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ' എന്ന്. അറുപത്തിയാറ് വയസ്സുള്ള ഒരു സ്ത്രീയുടെ വീൺവാക്കാണെന്നു കരുതി നിങ്ങൾക്കതിനെ തള്ളിക്കളയാമായിരുന്നു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ഞാൻ ആ അഭിമുഖത്തിൽ പറഞ്ഞതൊന്നും.