തിരുവനന്തപുരം : കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള ഓണ്‍ലൈന്‍ വിഭാഗം പുരസ്‌കാരം ഇ ടിവി ഭാരതിന് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ സമ്മാനിച്ചു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ബ്യൂറോ ചീഫ് ബിജു ഗോപിനാഥ്, റിപ്പോര്‍ട്ടര്‍മാരായ സൂരജ് സുരേന്ദ്രന്‍, ജി നന്ദന്‍, റമീസ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 10,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2023 നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭ മന്ദിരത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പ് സംബന്ധിച്ച് ഏര്‍പ്പെടുത്തിയ റിപ്പോര്‍ട്ടിംഗ് പുരസ്‌കാരത്തിലെ മികവാണ് ഓണ്‍ലൈന്‍ മാധ്യമ വിഭാഗത്തില്‍ ഇ ടിവിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മറ്റ് മാധ്യമ അവാര്‍ഡുകളും ഇന്ന് (20-03-2024) വിതരണം ചെയ്‌തു.
അച്ചടി മാധ്യമ വിഭാഗം-മെട്രോ വാര്‍ത്ത, ദൃശ്യ മാധ്യമം-മീഡിയാവണ്‍, ശ്രവ്യ മാധ്യമം-റെഡ് എഫ്എം, വ്യക്തിഗത വിഭാഗം റിപ്പോര്‍ട്ടര്‍-ബിവി അരുണ്‍കുമാര്‍, ബ്യൂറോ ചീഫ് കലാകൗമുദി, ഫോട്ടോഗ്രാഫര്‍-സിപി ദീപു (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), ക്യാമറാമാന്‍-പ്രേംശശി(മാതൃഭൂമി ന്യൂസ്), പ്രത്യേക ജൂറി പുരസ്‌കാരം- കേരള വിഷന്‍ ന്യൂസ്.
ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ഏറ്റവും താഴേക്ക് വരുമ്പോഴും കേരളം അക്കാര്യത്തില്‍ മുന്നിലാണെന്ന് അവാര്‍ഡ് വിതരണം ചെയ്‌തുകൊണ്ട് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. ബ്രേക്കിങ്ങ് ന്യൂസിനായുള്ള പരക്കം പാച്ചിലില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് ഹാര്‍ട്ട് ബ്രേക്കിംഗ് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. റിപ്പോര്‍ട്ടിംഗ് സത്യസന്ധമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഉറപ്പ് വരുത്തണം. നല്‍കുന്ന വാര്‍ത്തകള്‍ അതീവ സത്യസന്ധമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഉറപ്പ് വരുത്തണം.
കോര്‍പറേറ്റ് മാധ്യമ മുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് മുന്നില്‍ സത്യം പലപ്പോഴും വളച്ചൊടിക്കപ്പെടുന്നു. മഹത്തായ വ്യക്തികളുടെ ശ്രേണിയിലേക്ക് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നില്ല. സ്വദേശാഭിമാനിയുടെ നിലവാരത്തിലേക്ക് എന്തുകൊണ്ട് അതിനുശേഷം മറ്റ് മാധ്യമ പ്രവര്‍ത്തകരാരും എത്തിയില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍ മന്ത്രി കെപി മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Also Read : ചെന്നെ ട്രേഡ് മേളയില്‍ തിളങ്ങി റാമോജി ഫിലിം സിറ്റി; വേനല്‍ക്കാലത്ത് ഫിലിം സിറ്റി കാണാന്‍ പ്രത്യേക പാക്കേജ്