എറണാകുളം : നടൻ മുകേഷ് എംഎൽഎയ്ക്ക് താത്കാലിക ആശ്വാസം. ലൈംഗികാതിക്രമ കേസിൽ മുകേഷിന്‍റെ അറസ്റ്റ് അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അടുത്ത മാസം രണ്ടാം തീയതി വാദം കേൾക്കും.
അനേഷ്വണവുമായി സഹരിക്കാമെന്ന് മുകേഷ് കോടതിയിൽ അറിയിച്ചു. ജനപ്രതിനിധിയാണ്, അന്വേഷണത്തിൽ നിന്നും ഒളിച്ചോടില്ല. പരാതിക്കാരിക്ക് ദുരുദ്ദേശമുണ്ടെന്നും നിരപരാധിയാണെന്നും മുകേഷിന്‍റെ അഭിഭാഷകൻ വാദമുന്നയിച്ചു.
ബ്ലാക്‌മെയില്‍ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യം. പതിനഞ്ച് വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോൾ പരാതി നൽകിയത്. പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്‌സ്‌ആപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചു. മെയിൽ ഉൾപ്പടെയുള്ള തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പതിനഞ്ച് വർഷം മുമ്പ് നടുന്നുവെന്ന് ആരോപിക്കുന്ന സംഭവത്തിൽ അടിയന്തര അറസ്റ്റിന്‍റിന്‍റെ ആവശ്യമില്ലെന്നും മുകേഷ് വാദമുന്നയിച്ചു. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിശദമായി വാദം കേൾക്കാനായി കോടതി രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ പൊലീസ് മൊഴിയെടുക്കുകയും ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്‌തിരുന്നു. മരട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ തുടർ നടപടി തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആരോപണ വിധേയനായ മുകേഷ് കോടതിയെ സമീപിച്ചത്.
Also Read : 'സ്ഥാനമൊഴിയണമെന്ന് സിപിഐ, വേണ്ടെന്ന് സിപിഎം'; മുകേഷിന്‍റെ രാജിക്കാര്യത്തില്‍ രണ്ട് തട്ടിലായി ഇടതുപക്ഷം