തിരുവനന്തപുരം: ലോകത്തെവിടെ പോയാലും ഒരു മലയാളിയുണ്ടാകുമെന്ന പഴഞ്ചൊല്ലിന് പുതുമയൊന്നുമില്ല. മലയാളിയുടെ കുടിയേറ്റ ചരിത്രം അത്രമാത്രം പ്രസിദ്ധമാണ്. ഇപ്പോൾ ബ്രിട്ടീഷ് പാർലമെന്‍റിലേക്കും ഒരു മലയാളി സാന്നിധ്യത്തിന് കളമൊരുങ്ങുകയാണ്. യുകെയിലെ ഹൗസ് ഓഫ് കോമൺസിലെ മലയാളി സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് വർക്കല ശിവഗിരി സ്വദേശിയായ എറിക് സുകുമാരൻ.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായി ലണ്ടനിലെ സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ എന്ന മണ്ഡലത്തിൽ നിന്നാണ് 38 കാരനായ എറിക് സുകുമാരൻ ജനവിധി തേടുന്നത്. ആറ്റിങ്ങൽ അഞ്ചുതെങ്ങ് സ്വദേശിയായ ജോണി സുകുമാരൻ, വർക്കല സ്വദേശി അനിത സുകുമാരൻ എന്നിവരാണ് മാതാപിതാക്കൾ. ലോകപ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ കരസ്ഥമാക്കിയ എറിക് ബാങ്കിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
ബ്രിട്ടീഷ് സിവിൽ സർവീസ് നേടിയ എറിക് കാലങ്ങളായി വിവിധ സർക്കാർ പദ്ധതികളിലും സജീവമാണ്. മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് നാട്ടിലേക്ക് എത്തുമ്പോൾ കഴിക്കാറുള്ള നെയ്‌മീൻ പൊള്ളിച്ചതാണ് ഇഷ്‌ട ഇന്ത്യൻ വിഭവമെന്നും എറിക് ഇടിവി ഭാരതിനോട് പറഞ്ഞു.
അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിൻഡ്സെയാണ് ഭാര്യ. ജൂലൈ നാലിന് രാവിലെ 10 മുതൽ 4 വരെയാണ് യുകെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം.
യുകെ ചെറിയ രാജ്യം, കുടിയേറ്റം സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം
കൊവിഡിന് ശേഷം ഇന്ത്യയിൽ നിന്നടക്കമുള്ള കുടിയേറ്റം വർധിച്ചതായും ഇത് നിയന്ത്രിക്കപ്പെടണമെന്നുമാണ് താനും തന്‍റെ പാർട്ടിയായ കൺസർവേറ്റിവ് പാർട്ടിയും ആവശ്യപ്പെടുന്നതെന്ന് എറിക് സുകുമാരൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി. 7 കോടിയോളം മാത്രമാണ് യുകെയുടെ ജനസംഖ്യ. യുകെയിൽ എല്ലാവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്.
വർഷത്തിൽ 5 മുതൽ 10 ലക്ഷം വരെ കുടിയേറ്റം ഉണ്ടായാൽ നിയന്ത്രണം അത്യാവശ്യമാണ്. സർക്കാരിന്‍റെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതയായി ആരോഗ്യ മേഖല മാറാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും എറിക് സുകുമാരൻ പറഞ്ഞു. കോളജിൽ നിന്ന് നേരെ രാഷ്ട്രീയ പ്രവേശനം പാടില്ലെന്നാണ് എന്‍റെ കാഴ്‌ചപ്പാട്.
യുകെയിൽ നിരവധി പേർ കോളജിൽ നിന്നും രാഷ്ട്രീയ പ്രവേശം നടത്താറുണ്ടെന്ന് എറിക് പറയുന്നു. കോളജിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാൽ സമൂഹത്തിൽ നിന്നും ലഭിക്കുന്ന പ്രായോഗിക പാഠങ്ങൾ നഷ്‌ടപ്പെടും. അതിനാലാണ് ഇത്രയും നാൾ കാത്തിരുന്ന ശേഷം ഇപ്പോൾ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും എറിക് പറഞ്ഞു.
ALSO READ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസില്‍ ഇനി ബേബി പെരേപ്പാടൻ ഭരിക്കും ; അയർലൻഡില്‍ മേയറായി അങ്കമാലി സ്വദേശി