തിരുവനന്തപുരം: ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്ന് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇടതുമുന്നണിയിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആർജെഡിയുമായി എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യുമെന്നും, മുൻകൂട്ടി സീറ്റ് നൽകാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് മുസ്ലിംലീഗിനോട് കാണിക്കുന്ന അവഗണന എൽഡിഎഫ് ഒരു പാർട്ടികളോടും കാണിക്കില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു. 1962ല്‍ തനിച്ച് മത്സരിച്ച് രണ്ട് സീറ്റ് നേടിയവരാണ് മുസ്ലീം ലീഗെന്നും ലീഗിനോട് കോൺഗ്രസ് അവഗണന കാണിക്കുകയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. ലീഗ് തനിച്ച് മത്സരിച്ചാൽ കോൺഗ്രസ് ഗതികേടിലാവും. ലീഗിന്‍റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് നിലനിൽക്കുന്നത്. ലീഗ് 3 സീറ്റ് മാത്രമേ കോൺഗ്രസിനോട് ആവശ്യപ്പെട്ടുള്ളൂ. എന്നിട്ടും അവഗണന. അതുപോലെയുള്ള സമീപനം എല്‍ഡിഎഫ് ഘടക കക്ഷികളോട് സിപിഐഎം സ്വീകരിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡി ലഭിച്ച പദവികൾ തിരികെ നൽകുന്നതിനായി കത്ത് നൽകിയതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (Ep jayarajan about election). എല്ലാ പാർട്ടികൾക്കും തൃപ്‌തികരമായ തിരുമാനമാണ് മുന്നണിയിൽ എടുക്കുക. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം ചർച്ചകൾ നടത്തും. ഇനിയും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും ചർച്ച ചെയ്യും.
പാർട്ടികൾ അവരുടെ ആവശ്യം മുന്നണിക്ക് അകത്ത് അറിയിക്കും. മുന്നണി യോജിച്ച തീരുമാനം എടുക്കും. തെരഞ്ഞെടുപ്പിൽ സിപിഎം ഒരു സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകാൻ തയ്യാറായത് അത്തരത്തിലാണ്. ഒരു എംഎൽഎ ഉള്ള വിവിധ പാർട്ടികൾ ഉണ്ട് അവരെയെല്ലാം ഉൾക്കൊള്ളുന്ന സമീപനമാണ് എൽഡിഎഫിന്. മുൻകൂട്ടി സീറ്റ് നൽകാമെന്ന് എൽഡിഎഫ് കൺവീനർ ആരോടും പറയാറില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.