കണ്ണൂർ : പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷന്‍റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇത് സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി. പരശുറാം എക്‌സ്‌പ്രസിൽ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്കിന് യതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ നിര്‍ദേശത്തില്‍ പറഞ്ഞു.
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും കമ്മിഷന്‍ വിമർശിച്ചു. മംഗലാപുരത്ത് നിന്നും രാവിലെ 5.05 നാണ് പരശുറാം എക്‌സ്‌പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണൂരിൽ 7.07- നും കോഴിക്കോട് 8.37- നും എത്തിച്ചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കിൽ 8.57-ന് കാസർകോട് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് വേണ്ടി പരശുറാം എക്‌സ്‌പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാർഹമാണെന്ന് ഉത്തരവിൽ പറയുന്നു.
നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരശുറാം എക്‌സ്‌പ്രസിലെ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ സ്വദേശി പി ഐ ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറൽ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ റെയിൽവേ മാനേജർ കമ്മിഷനെ അറിയിച്ചു.
മംഗലാപുരം-കോഴിക്കോട് എക്‌സ്‌പ്രസിലും നാല് ജനറൽ കോച്ചുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ണൂർ- കോഴിക്കോട് റൂട്ടിലെ റെയിൽവേ പാതയിലെ തിരക്ക് കാരണം പുതിയ തീവണ്ടികൾ അനുവദിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
Also Read : കാലുകുത്താൻ ഇടമില്ലാതെ ജനറല്‍ കോച്ചുകള്‍; മലബാറിലെ ട്രെയിന്‍ യാത്രയ്‌ക്ക് ദുരിതമേറുന്നു