എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ രക്ഷാപ്രവർത്തന പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശം വ്യാപകമായ ആക്രമണത്തിനിടയാക്കിയെന്നും, ഈ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലാണ് അന്വേഷണം നടത്താൻ കോടതി ഉത്തരവ് നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂരിൽ ക്രൂരമായി മർദിച്ചിരുന്നു. ഈ സംഭവത്തെ ജീവൻ രക്ഷാപ്രവർത്തനമെന്ന പേരിൽ മുഖ്യന്ത്രി ന്യായീകരിക്കുകയായിരുന്നു. ഇത് ആക്രമണം തുടരുന്നതിന് കാരണമായെന്നും പരാതിക്കാരനായ മുഹമ്മദ് ഷിയാസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ സൂചിപ്പിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രക്ഷാപ്രവർത്തനം തുടരാമെന്ന മുഖ്യമന്ത്രിയുടെ പരമർശത്തെ തുടർന്ന് എറണാകുളം ജില്ലയിൽ ഉൾപ്പടെ ആക്രമണ സംഭവങ്ങൾ ആവർത്തിക്കപ്പെട്ടുവെന്നും, ആക്രമണങ്ങൾക്കിടയാക്കിയ മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 20 ന് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ വച്ച് നവകേരള യാത്രയ്‌ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇതേ തുടർന്ന് തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭവത്തെ ജീവൻ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച് നടത്തിയ പ്രസംഗമുൾപ്പടെ ഉൾപ്പെടുത്തിയാണ് മുഹമ്മദ് ഷിയാസ് കോടതിയിൽ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് അഡ്വക്കേറ്റ് വർഗീസ് സാബു മുഖേനയാണ് മുഹമ്മദ് ഷിയാസ് സിജെഎം കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്.