തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്‍റി അനുവദിക്കാന്‍, കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്ന് വായ്‌പ സ്വീകരിക്കാനാണ് ഈ ഗ്യാരന്‍റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്‍റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്.
ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷത്തിൽ 75,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകും. ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്‌പാ വിതരണം നടത്തുന്നതിലൂടെ 34,000 വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 6000 ത്തോളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്‌പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്‌പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്‍റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 980.56 കോടി രൂപയുടെ അധിക ഗ്യാരന്‍റിയാണ് കോര്‍പ്പറേഷന് അനുവദിച്ച് നല്‍കിയത്. ഇപ്പോള്‍ 175 കോടിയുടെ സര്‍ക്കാര്‍ ഗാരന്‍റി കൂടി നല്‍കിയതോടെ ആകെ 1295.56 കോടി രൂപയുടെ ഗ്യാരന്‍റിയാണ് കോര്‍പറേഷനുള്ളത്. ഇത് കോര്‍പറേഷന്‍റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിതകള്‍ക്ക് 340 കോടി രൂപ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്‌തു. സര്‍ക്കാരില്‍ നിന്നും ലഭ്യമായ അധിക ഗ്യാരന്‍റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് നാളിതുവരെ 1,12,000 ത്തോളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന് സാധിച്ചു.
കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 22,580 വനിതകള്‍ക്ക് 170 കോടി രൂപ വിതരണം ചെയ്‌തു കഴിഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച് വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സ്വയം തൊഴില്‍ വായ്‌പ ചാനലൈസിങ് ഏജന്‍സിയാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്‌പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ പദ്ധതി നടത്തിപ്പിലൂടെയും വായ്‌പ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്‍റെ തെളിവാണിതെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
Also Read: രാജ്യത്തിന് മികച്ച മാതൃക തീര്‍ത്ത് കേരളം; ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറച്ചു