തിരുവനന്തപുരം: ബാംഗ്ലൂർ - ഗുരുവായൂർ യാത്രയ്ക്കിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും പുറത്തേക്ക് ചാടാൻ ശ്രമിച്ച മാനസികവെല്ലുവിളി നേരിടുന്ന യുവാവിനെ, ജീവനക്കാരുടെ അവസരോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തി. ഇന്നലെ (27-02-2024) ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ നിന്നും ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ഡീലക്‌സ് ബസിലാണ് സംഭവം. ഇതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന മൈസൂർ സ്റ്റേഷൻ മാസ്റ്റർ റെജികുമാർ ആറിന്‍റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ ആണ് യുവാവിന്‍റെ ജീവൻ രക്ഷപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് റെജികുമാർ പറയുന്നതിങ്ങനെ:
ബാംഗ്ലൂർ നിന്നും പെരിന്തൽമണ്ണയിലേക്ക് സീറ്റ് റിസർവ് ചെയ്‌ത് യാത്ര ചെയ്യുകയായിരുന്ന സൽമാൻ എന്ന യുവാവാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇദ്ദേഹത്തെ കണ്ടക്‌ടർ സീറ്റിലേക്ക് മാറ്റി. തുടർന്ന് ഇയാൾ മുൻ വശത്തെ വാതിലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. പിന്നാലെ ഇദ്ദേഹത്തെ ബസിന്‍റെ പിൻവശത്തെ സീറ്റിലേക്ക് മാറ്റുകയും ചെയ്‌തു. തുടർന്ന് രാത്രി ഏഴരയോടെ ബസ് കർണാടകയ്ക്കും തമിഴ്‌നാടിനും ഇടയ്ക്കുള്ള മുദുമലൈ നാഷണൽ പാർക്ക് വനമേഖലയിലൂടെ പോകുമ്പോഴാണ് പിൻവശത്തെ സീറ്റിലെ ജനാല വഴി ഇയാൾ പുറത്തേക്ക് ചാടാൻ ശ്രമിച്ചത്.
യുവാവിൻ്റെ കാൽ ഒഴികെ മുഴുവൻ ശരീരഭാഗങ്ങളും ബസിനു വെളിയിലായിരുന്നു. റെജികുമാർ കാലിൽ പെട്ടന്ന് പിടിച്ചതിനാല്‍ ഇയാൾ റോഡിലേക്ക് വീണില്ല.ബഹളം കേട്ട ഡ്രൈവർ സെബാസ്റ്റ്യൻ തോമസ് ഉടൻ തന്നെ ബസ് നിർത്തി. കണ്ടക്‌ടർ ബിപിനോടൊപ്പം യാത്രക്കാരും പുറത്തിറങ്ങി റെജി കുമാറിൻ്റെ പിടുത്തത്തിൽ തലകീഴായി തുങ്ങിക്കിടന്ന യുവാവിനെ എടുത്ത് ബസിൽ കയറ്റുകയായിരുന്നു. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി യുവാവിനെ പിതാവിന്‍റെ കയ്യിൽ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്‌ത ശേഷമാണ് ഇവർ മടങ്ങിയത്.
Also Read: ബെംഗളൂരു 'നമ്മ' മെട്രോ; കണക്റ്റിവിറ്റി വർദ്ധിപ്പിക്കാന്‍ വനിതാ ഇ-ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്ത്