ഇടുക്കി: ജില്ലയിലെ ആദിവാസിമേഖലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥ. ഉപ്പുതറ പഞ്ചായത്തിലെ മുത്തൻപടി, വൻമാവ്, കിഴുകാനം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി കാട്ടാനകൾ കൂട്ടത്തോടെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വന്‍ ക്യഷിനാശം ആണ് സംഭവിച്ചിരിക്കുന്നത്. വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലികളും തകര്‍ന്നു.
കർഷകർക്ക് ലക്ഷങ്ങളുടെ നഷ്‌ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഏലം, തെങ്ങ്, വാഴ, തുടങ്ങിയവയാണ് ആനകൂട്ടം ചവിട്ടിമെതിച്ചത്. രാത്രിയിൽ കൃഷിയിടത്തിലെത്തിയ ആനകൾ മണിക്കുറുകൾക്ക് ശേഷമാണ് മടങ്ങിയത്. ശക്തമായ മഴ പെയ്‌തു കൊണ്ടിരുന്നതിനാൽ പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ കർഷകർക്കായില്ല.
മുമ്പും സമാന രീതിയിൽ കാട്ടാന ആക്രമണങ്ങളുണ്ടായപ്പോഴും വനപാലകർ എത്തി കർഷകരോട് അപേക്ഷ നൽകുവാൻ പറഞ്ഞ് മടങ്ങുകയാണ് ഉണ്ടായത്. കടുത്ത വരൾച്ചയെ തുടർന്ന് ദുരിതത്തിലായ കർഷകർക്കേറ്റ മറ്റൊരു പ്രഹരമാണ് കാട്ടാന ആക്രമണം. മഴക്കാലം ആരംഭിച്ചതോടെ കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലെത്തുന്നത് ജനങ്ങളുട ജീവന് ഭീഷണി ആയിരിക്കുകയാണ്.