കാസർകോട് : ചീമേനിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കള്ളവോട്ടിന് കൂട്ടുനിൽക്കുന്നതായി പരാതി. അഞ്ച് ഇരട്ട വോട്ടുകൾ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഫീൽഡ് ഓഫിസർ എം. പ്രദീപ് ഇരട്ടവോട്ടിനെക്കുറിച്ച് സംസാരിക്കുന്ന ഓഡിയോ സഹിതമാണ് ജില്ല കലക്‌ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്.
ഇടതുപക്ഷത്തിന് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് ഓഡിയോയിൽ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. ചീമേനി ചെമ്പ്രക്കാനത്തെ എം വി ശില്‍പരാജ് ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്കും, വിജിലൻസ് & അഴിമതി നിരോധന ബ്യൂറോ ഡയറക്‌ടർക്കും ഇന്‍റലിജൻസ് എഡിജിപിക്കും വിജിലൻസ് ഡിവൈഎസ്‌പിക്കും പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഫീൽഡ് ഓഫീസർ എം പ്രദീപ് ഇടതുപക്ഷത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ക്രമക്കേടിന് കൂട്ടുനിൽക്കുന്നുവെന്നാണ് യുവാവിന്‍റെ പരാതി. ഇരട്ട വോട്ട് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഫീൽഡ് ഓഫീസർ എം പ്രദീപ് അന്വേഷണത്തിന് എത്തിയത്.
സംശയത്തിന്‍റെ അടിസ്ഥാനത്തിൽ റെക്കോർഡ് ചെയ്‌ത ഓഡിയോയിലാണ് ഇടതുപക്ഷത്തിന് രണ്ട് വോട്ട് കിട്ടിക്കോട്ടേയെന്ന് ഇയാള്‍ പറയുന്നത്. ഇത്തരത്തിൽ അഞ്ച് ഇരട്ട വോട്ട് കേസുകൾ ഉണ്ടെന്ന് ഇദ്ദേഹം തന്നെ ഇവരോട് പറയുന്നുണ്ട്. ഇരട്ടവോട്ട് കണ്ടെത്തിയാൽ അത് നീക്കം ചെയ്യാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് സ്വതന്ത്രവും നിക്ഷ്‌പക്ഷവുമായ വോട്ടെടുപ്പിന് തുരങ്കം വയ്ക്കുന്നതെന്നും യുവാവ് പരാതിയിൽ പറയുന്നു.