പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് പത്തനംതിട്ട ജില്ലാ കലക്‌ടര്‍ വിശദീകരണം തേടി. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ് ഐസക്കിനോട് നിര്‍ദേശിച്ചിട്ടുള്ളത്(Election Norms Violation; District Collector Enquired Explanation).
യുഡിഎഫ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി നല്‍കിയത്. കുടുംബശ്രീ പ്രവര്‍ത്തകരെ വിളിച്ചു കൂട്ടി വായ്‌പ വാഗ്‌ദാനം ചെയ്‌തു, കെ ഡിസ്‌ക് എന്ന സര്‍ക്കാര്‍ പദ്ധതി വഴി കണ്‍സള്‍ട്ടന്‍റുമാരെ നിയോഗിച്ച് തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് വോട്ടു തേടുന്നു എന്നീ പരാതികളാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. ഈ പരാതിയിലാണ് ജില്ല കളക്‌ടര്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്‌ത് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ കലക്‌ടര്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ കുടുംബശ്രീ യോഗം നടക്കുന്നിടത്ത് സ്ഥാനാർത്ഥി എന്ന നിലയില്‍ പോയി വോട്ടുചോദിക്കുന്നതില്‍ തെറ്റില്ലെന്ന് ഡോ. ടി എം തോമസ് ഐസക് പ്രതികരിച്ചു. പെരുമാറ്റചട്ട ലംഘനം ആരോപിച്ചുള്ള പരാതിയില്‍ കളക്‌ടർ വിശദീകരണം തേടിയതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തില്ലെന്നും ഐസക് പറഞ്ഞു.
കുടുംബശ്രീയുമായി തനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ താനായിരുന്നു. വിജ്ഞാന പത്തനംതിട്ട എന്ന തൊഴില്‍ദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തുടങ്ങിയതാണ്. കെ ഡിസ്‌ക് വഴിയാണ് അത് നടപ്പാക്കുന്നത്. കെ ഡിസ്‌ക് ആ ജോലി തുടരുക തന്നെ ചെയ്യും. സ്ഥാനാർത്ഥി ആയതിനാല്‍ താൻ ഇപ്പോള്‍ അതില്‍ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്‌ടറുടെ കത്തിന് കൃത്യമായ മറുപടി നല്‍കുമെന്നും ഐസക് പറഞ്ഞു.