തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗമായി പുതുതായി നിയമിക്കപ്പെട്ട ഗ്യാനേഷ് കുമാര്‍ കേരളത്തില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി 24ാം വയസിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തുന്നത്. കോട്ടയം ജില്ലയില്‍ അസിസ്റ്റന്‍റ് കലക്‌ടര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സബ് കലക്‌ടര്‍ എന്നീ നിലകളില്‍ സേവനമാരംഭിച്ച ഗ്യാനേഷ് കുമാര്‍ എറണാകുളം ജില്ല കലക്‌ടറായിരുന്നു.
സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി, എസ്‌സി, എസ്‌ടി സെക്രട്ടറി, കേരള ഹൗസ് റസിഡന്‍റ് കമ്മിഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2016ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരിക്കെ ജനുവരിയില്‍ വിരമിക്കുകയും ചെയ്‌തു.
ഇന്നാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്‌ബിര്‍ സിങ് സന്ധുവിനെയും തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഇരുവരെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായി തെരഞ്ഞെടുത്തത്. ഗ്യാനേഷ് കുമാര്‍ കേരള കേഡറിലെയും സുഖ്‌ബീര്‍ സിങ് സന്ധു പഞ്ചാബ് കേഡറിലെയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാണ്.