തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ താക്കീത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നു എന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം.
രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ ശശി തരൂരിനായില്ലെന്നും ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്‌ത കമ്മിഷന്‍, അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിന് നിർദേശം നൽകുകയും ചെയ്‌തു. ശശി തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ല കൺവീനർ വി.വി.രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
'ഏകീകൃത സിവിൽ കോഡ് ശരിയായി മനസ്സിലാക്കിയ ശേഷമേ നല്ലതാണോ മോശമാണോ എന്ന് പറയാനാകൂ'- ശശി തരൂർ: ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്ന ഏകീകൃത സിവിൽ കോഡ് നമ്മൾ ശരിയായി മനസിലാക്കേണ്ടതുണ്ടെന്ന് ശശി തരൂർ. അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയാതെ നല്ലതാണോ മോശമാണോ എന്ന് പറയാനാവില്ലെന്നും തരൂര്‍ വ്യക്തമാക്കി.
'യൂണിഫോം സിവിൽ കോഡിൽ എന്താണ് ഉള്ളതെന്ന് അറിയേണ്ടതുണ്ട്. പാർലമെന്‍റിന് മുമ്പില്‍ കരട് വരുന്നത് വരെ അത് നല്ല കാര്യമാണോ ചീത്തയാണോ എന്ന് പറയാൻ കഴിയില്ല. ഈ കരട് നിയമം മറ്റ് സമുദായങ്ങളെ എതിർക്കാത്ത ഒന്നാണെങ്കിൽ നമുക്കത് ആവശ്യമാണ്. ചില സമുദായങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന എന്തെങ്കിലുമാണ് യുസിസിയില്‍ ഉള്ളതെങ്കില്‍ ചർച്ച ആവശ്യമാണ്'- ശശി തരൂര്‍ പറഞ്ഞു.
തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് പ്രതീക്ഷകൾ കുറവാണെന്നും തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപിയുടെ ട്രാക്ക് റെക്കോർഡ് വളരെ മോശമാണെന്നും തരൂര്‍ പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ മുസ്ലീം ലീഗിന്‍റെ പ്രത്യയശാസ്‌ത്രം പ്രതിഫലിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം കേരളത്തിൽ വിലപ്പോവില്ലെന്നും തരൂർ പറഞ്ഞു.