തിരുവനന്തപുരം: ഏപ്രില്‍ 26 ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ചിരുന്നവര്‍ക്ക് അവസരം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥ തല പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കുക.
പുതുതായി പേര് ചേര്‍ത്തവരെ നിലവിലെ വോട്ടര്‍ പട്ടികയില്‍ അനുബന്ധമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയും.
Also Read: പെരുമാറ്റച്ചട്ടലംഘനം പാടില്ല, വ്യാജ പ്രചാരണങ്ങളിലും നടപടി : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവര്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ അറിയിപ്പ് നല്‍കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.