തൃശൂർ : അതിരപ്പിള്ളി വനത്തിനുള്ളിൽ കാണാതായ വയോധികയ്ക്കായി തെരച്ചിൽ തുടരുന്നു. വാച്ചുമരം കോളനി നിവാസിയായ അമ്മിണി (70)യെ ആണ് കാണാതായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കാണാതായത്. വനംവകുപ്പും നാട്ടുകാരും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഇതോടെയാണ് ഇന്ന് രാവിലെ ദൗത്യം വീണ്ടും ആരംഭിച്ചത്.
വാച്ചുമരം കോളനിയിൽ നിന്നും വിറകു ശേഖരിക്കാൻ പോയശേഷം മടങ്ങിവന്ന അമ്മിണി മറന്നുവച്ച കോടാലി എടുക്കാൻ വനത്തിലേക്ക് പോവുകയായിരുന്നു. പിന്നീട് അമ്മിണി മടങ്ങി വന്നില്ല. തുടർന്ന് നാട്ടുകാരും പൊലീസും വനംവകുപ്പും ചേർന്ന് വനത്തിനുള്ളിൽ തെരച്ചിൽ ആരംഭിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്.
മാസങ്ങൾ മുൻപാണ് വനത്തിനുള്ളിൽ വച്ച് വാച്ചുമരം കോളനിയിലെ മൂപ്പന്‍റെ ഭാര്യയെ കാട്ടാന ചവിട്ടി കൊന്നത്. പുലിയുടെ സാന്നിധ്യവും പ്രദേശത്ത് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വായോധികയ്‌ക്കായി തെരച്ചിൽ നടക്കുന്നത്. ഇന്നലെ കണ്ടെത്താനാവാത്തതിനെ തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നത്.
Also Read: അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി